സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ലഭിക്കുന്നില്ല
ലക്ഷങ്ങളുടെ വിറ്റുവരവ് പതിനായിരത്തിലേക്ക് കൂപ്പുകുത്തി
രാജാക്കാട്: ഇവിടെയുണ്ടൊരു സൂപ്പർ സ്റ്റോർ, പക്ഷേ നാട്ടുകാർക്ക് അരിയാഹാരം കഴിക്കണമെങ്കിൽ വേറെ കട നോക്കണം. രാജാക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോയുടെ സൂപ്പർ സ്റ്റോറിലാണ് അരിക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ലക്ഷങ്ങൾ വിറ്റുവരവുണ്ടായിരുന്നിടത്ത് സബ്സിഡി സാധനങ്ങൾ പലതും ലഭിക്കാതെയായതോടെ പതിനായിരത്തിൽ താഴെയായി കച്ചവടം കൂപ്പുകുത്തി. കുത്തരി, ജയ അരി ഇവയൊന്നും രാജാക്കാട് സ്റ്റോറിൽ പല മാസങ്ങളിലും എത്തുന്നില്ല. എത്തിയാൽ പരമാവധി 30 ചാക്ക് അരി മാത്രമാണ് ലഭിക്കുക. ഏറെ ഉപഭോക്താക്കളെത്തുന്ന ഇവിടെ സ്റ്റോക്കെത്തിയാൽ രണ്ട് ദിവസത്തിനുള്ളിൽ അരി തീരും. ഒരു റേഷൻ കാർഡിന് അഞ്ച് കിലോ അരി വീതമാണ് നൽകുന്നത്. രാജാക്കാട് സ്റ്റോറിൽ അരിക്ക് ക്ഷാമമുള്ളപ്പോൾ നെടുങ്കണ്ടത്തിന്റെ കീഴിൽ വരുന്ന രാജകുമാരി ഷോപ്പിൽ അരി എത്തുന്നുണ്ടെന്നതും ചില ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സപ്ളൈകോ മൂന്നാർ അസിസ്റ്റന്റ് മാനേജരുടെ കീഴിലാണ് രാജാക്കാട് സ്റ്റോർ.
പഞ്ചസാര കണികാണാനില്ല
രാജാക്കാട് സ്റ്റോറിൽ പഞ്ചസാര ഇല്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. ആദ്യമൊക്കെ പഞ്ചസാര വന്നോ എന്ന് ചോദിച്ചിരുന്ന ഉപഭോക്താക്കൾ ഇപ്പോൾ ചോദ്യം നിറുത്തി. വില കൂടുതലുണ്ടെങ്കിലും ശബരി വെളിച്ചെണ്ണ, മല്ലി, ചെറുപയർ എന്നിവ ചില മാസങ്ങളിൽ എത്തും.
ക്ഷാമം നേരിടുന്ന സബ്‌സിഡി സാധനങ്ങൾ
പഞ്ചസാര, പരിപ്പ്, മുളക്, കടല, മല്ലി, ഉഴുന്ന്, പയർ
കരാർ തൊഴിലാളികൾ ആശങ്കയിൽ
ഷോപ്പ് മാനേജർ ഒഴികെയുള്ള മറ്റു ദിവസ വേതനക്കാരുടെ ശമ്പളം കൊടുക്കാനുള്ള തുകയും വാടകയും വൈദ്യുതി ചാർജുമെല്ലാം നൽകണമെങ്കിൽ ആകർഷണ പദ്ധതികൾ നടത്തി ഉപഭോക്താക്കളെ കടയിലേക്ക് അടുപ്പിക്കേണ്ട അവസ്ഥയാണ്. വിൽപ്പനയ്ക്കനുസരിച്ചാണ് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. വിൽപ്പന കുറഞ്ഞതിനാൽ കരാർ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.