തൊടുപുഴ: എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ കോലാനിയിലുള്ള തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സാധാരണ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വരുമാന മാർഗ്ഗം ഉറപ്പാക്കുന്നതിന് എൻ.സി.പി സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. ഇത്തരം വിഷയങ്ങൾ ഏകോപിപ്പിക്കുന്നതിനും പാർട്ടി പ്രവർത്തകരെ ബോധവത്കരിക്കുന്നതിനും കൂടി വേണ്ടിയാണ് പാർട്ടി ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10ന് രജിസ്ട്രേഷനും തുടർന്ന് പതാക ഉയർത്തലിനും ശേഷം ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, സംസ്ഥാന സെക്രട്ടറി സിയാദ് പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പൈലി, സംസ്ഥാന സമിതി അംഗം കുര്യാച്ചൻ കണ്ടത്തിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബേബി വരിക്കമാക്കൽ എന്നിവർ പങ്കെടുത്തു.
എൽ.ഡി.എഫിൽ നിന്ന് പുറത്താക്കണം
തൊടുപുഴ: പി.എസ്.സി നിയമനത്തിൽ എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും കൂട്ടരും കോഴ വാങ്ങിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പാർട്ടിയെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കി എൽ.ഡി.എഫിന്റെ അഴിമതിരഹിത പ്രതിച്ഛായ കാത്തു സംരക്ഷിക്കണമെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ ആവശ്യപ്പെട്ടു.