തൊടുപുഴ: ബി.ജെ.പിക്കാരല്ലാത്ത അഞ്ച് കൗൺസിലർമാരുടെ പിന്തുണ ലഭിച്ചാൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് വ്യക്തമാക്കി. ചെയർമാനെ പുറത്താക്കാൻ 20 കൗൺസിലർമാരും ഒന്നടങ്കം ഒപ്പിട്ട് അവിശ്വാസപ്രമേയം അവതരിപ്പിച്ചാൽ ഇടതുപക്ഷത്തിന്റെ 13 കൗൺസിലർമാരും പിന്താങ്ങുമെന്നും എൽ.‌ഡി.എഫ് തൊടുപുഴ മുനിസിപ്പൽ കൺവീനറും സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പറഞ്ഞു. കൈക്കൂലിക്കേസിൽ പ്രതിയായതോടെ ചെയർമാൻ സനീഷ് ജോർജ്ജിനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും തത്കാലം അവിശ്വാസം കൊണ്ടുവരില്ലെന്നായിരുന്നു ആദ്യനിലപാട്. ആ നിലപാടിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നഗരസഭാ കൗൺസിൽ വീണ്ടും വിളിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെടും. കൗൺസിൽ ചേരാതെ ചെയർമാന് മുങ്ങിനടക്കാനാകില്ല. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിന്ന് ചില എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നത് അഭിപ്രായവ്യത്യാസത്തെ തുടർന്നാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തീർത്തും വ്യക്തപരമായ കാരണങ്ങളാലാണ് ഇടതുകൗൺസിലർമാർ വിട്ടുനിന്നതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ബുധനാഴ്ച വൈസ് ചെയർപേഴ്സൺ ജെസി ആന്റണി വിളിച്ചുചേർത്ത നഗരസഭാ കൗൺസിൽ യു.ഡി.എഫ് പ്രതിഷേധത്തെ തുടർന്ന് ചേരാനായിരുന്നില്ല.

എൽ.ഡി.എഫ് നിലപാട് തള്ളി

യു.ഡി.എഫ്

കൂറുമാറ്റത്തിലൂടെ അധികാരം പിടിച്ച് അഴിമതിക്ക് കൂട്ട് നിന്ന് നഗരത്തിൽ ഒരു വികസനവും നടത്താതെ ചെയർമാന് എല്ലാ ഒത്താശയും ചെയ്തവർ തന്നെ ആദ്യം അവിശ്വാസം കൊണ്ടുവരട്ടേയെന്നാണ് തങ്ങളുടെ നിലപാടെന്ന് യു.ഡി.എഫ് കൗൺസിലർ ജോസഫ് ജോൺ പറഞ്ഞു. എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുമ്പോൾ അറിയാമല്ലോ എത്രപേർ പിന്തുണയ്ക്കുമെന്ന്. എൽ.ഡി.എഫിന്റെ തനിനിറം ജനങ്ങളുടെ മുന്നിൽ വെളിവാക്കുന്നതിന് വേണ്ടിയാണ് തങ്ങൾ അവിശ്വാസം കൊണ്ടുവരാത്തത്. അവർ കൊണ്ടുവന്നില്ലെങ്കിൽ യു.ഡി.എഫ് കൊണ്ടുവരുമെന്നും ജോസഫ് ജോൺ പറഞ്ഞു.