മൂന്നാർ ഗവ. കോളേജ് വിദ്യാർത്ഥികൾ ദുരിതത്തിലായിട്ട് ആറ് വർഷം
മൂന്നാർ: 2018ലെ മഹാപ്രളയം തീർത്ത ദുരിതത്തിൽ നിന്ന് മൂന്നാർ ഗവ. കോളേജ് വിദ്യാർത്ഥികൾ ഇനിയും കരകയറിയിട്ടില്ല. ആറ് വർഷത്തോളമായി ബഡ്ജറ്റ് ഹോട്ടലിലും എൻജിനിയറിംഗ് കോളേജിന്റെ വർക്‌ഷോപ്പ് മുറിയിലും തിങ്ങിഞെരുങ്ങിയാണ് ഇവിടത്തെ വിദ്യാർത്ഥികളുടെ പഠനം. തോട്ടം മേഖലയിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ് ഗവ. കോളേജ്. മഹാപ്രളയത്തിൽ തകർന്ന ഗവ. ആർട്സ് കോളേജ് ആറുവർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. കോളേജ് കെട്ടിടം നിർമിക്കുന്നതിനായി കണ്ടെത്തിയ വിവിധ വകുപ്പുകളുടെ ഭൂമി വിദ്യാഭ്യാസവകുപ്പിന് കൈമാറുന്നതിലെ കാലതാമസമാണ് നിർമ്മാണം തുടങ്ങുന്നതിന് തടസ്സം. 2019- 20ലെ ബഡ്ജറ്റിൽ കോളേജിനായി 25 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിലവിൽ കോളേജ് പ്രവർത്തിക്കുന്ന ഡി.ടി.പി.സി ബഡ്ജറ്റ് ഹോട്ടൽ കെട്ടിടവും എൻജിനിയറിംഗ് കോളേജിന്റെ കുറച്ചു സ്ഥലവും സമീപത്തുള്ള റവന്യൂ ഭൂമിയും ചേർത്ത് 20 ഏക്കർ സ്ഥലം കോളേജ് നിർമ്മിക്കുന്നതിനായി കണ്ടത്തി. എന്നാൽ തുടർനടപടികൾ സ്വീകരിച്ചില്ല. തുടർന്ന് 2023 നവംബറിൽ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം അനുയോജ്യമാണോ എന്ന് കണ്ടെത്തുന്നതിനുള്ള മണ്ണ് പരിശോധന നടത്തി. മണ്ണ് പരിശോധന ഫലം വന്നെങ്കിലും എൻജിനിയറിംഗ് കോളേജിന്റെ കൈവശമുള്ള ഭൂമിയും ചേർന്നുള്ള റവന്യൂ ഭൂമിയും ആർട്സ് കോളേജിനായി വിട്ടുനൽകാൻ തയ്യാറായില്ല. ഇതാണ് കെട്ടിടം നിർമ്മാണം ആരംഭിക്കാൻ സാധിക്കാത്തത്.
അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. ബിരുദ- ബിരുദാനന്തര വിഭാഗങ്ങളിലായി 610 സീറ്റുള്ള കോളേജിൽ കഴിഞ്ഞവർഷം 250ൽ താഴെ വിദ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. തോട്ടം മേഖലയിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതയാണ് ഇല്ലാതാകുന്നത്.
അന്ന് സംഭവിച്ചത്
ദേവികുളം റോഡിൽ സ്ഥിതിചെയ്തിരുന്ന കോളേജ് 2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും തകർന്നു. കെട്ടിടം നിന്ന സ്ഥലവും നാമാവശേഷമായി. അപകടസാദ്ധ്യത നിലനിൽക്കുന്നതിനാൽ ഈ ഭാഗത്ത് വീണ്ടും കെട്ടിടം നിർമ്മിക്കാനാകില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദ്യാർത്ഥികളുടെ പഠനം ഇക്കാനഗറിലെ ബഡ്ജറ്റ് ഹോട്ടലിലേക്കും എൻജിനിയറിങ് കോളേജിന്റെ വർക്‌ഷോപ്പ് മുറിയിലേക്കും മാറ്റിയത്.
15 മുതൽ എസ്.എഫ്.ഐ സമരം
കോളേജ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിൽ 15 മുതൽ ഗവ. കോളേജിൽ അനിശ്ചിത കാല സമരം തുടങ്ങും. പ്രശ്ന പരിഹാരം ഉണ്ടാകുന്നത് വരെ അനിശ്ചിത കാല സമരം തുടരുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവർ അറിയിച്ചു. വിഷയത്തിൽ എ.ഐ.എസ്.എഫും ശക്തമായ സമരത്തിനൊരുങ്ങുകയാണ്.
ശക്തമായ സമരം ചെയ്യുമെന്ന് കെ.എസ്.യു
ആറുവർഷം കഴിഞ്ഞിട്ടും മൂന്നാർ ഗവ. കോളേജ് പുനർനിർമ്മിക്കാൻ വേണ്ട ശാശ്വതമായ പരിഹാരം കാണാത്തതിനെ തുടർന്ന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കെ.എസ്.യു ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അറിയിച്ചു. റവന്യൂ വകുപ്പിന്റെ പിടിപ്പുക്കേടുകൾ മൂലമാണ് കോളേജ് പുനർനിർമ്മിക്കാത്തതെന്ന് പറഞ്ഞ് എസ്.എഫ്.ഐ നടത്തുന്ന സമരവും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടുകൊണ്ടാണ് .