തൊടുപുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കള്ള് വ്യവസായ തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ക്ഷേമത്തിനും വിവിധങ്ങളായ വിഷയങ്ങളിലും നിർണായക ഇടപെടലാണ് ബോർഡ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനുത്തമ ഉദാഹരണങ്ങളാണ് ഇത്തരം ആനുകൂല്യങ്ങൾ. തൊഴിലാളികളുടെ പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ കൃത്യമായി ലഭ്യമാക്കാനുള്ള ഇടപെടലുകളും പ്രധാനമാണ്. ബോർഡിന്റെ പ്രവർത്തനം സംസ്ഥാന സർക്കാരിനും സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു അദ്ധ്യക്ഷനായി. ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2023ൽ എസ്.എസ്.എൽ.സിക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഏഴു പേർക്ക് സ്വർണമെഡലും ക്യാഷ് അവാർഡും മന്ത്രി വിതരണം ചെയ്തു. പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാംവർഷം പ്രവേശനം ലഭിച്ച 22 വിദ്യാർത്ഥികൾക്ക് എം.എം. മണി എം.എൽ.എ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ചെത്ത് തൊഴിലാളികളിൽ ജില്ലാതലത്തിൽ കൂടുതൽ സർവീസ് ഉള്ള 37 പേർക്ക് വാഴൂർ സോമൻ എം.എൽ.എ പാരിതോഷികം വിതരണം ചെയ്തു. കൂടുതൽ കള്ള് അളക്കുന്ന തെങ്ങ് ചെത്ത് തൊഴിലാളിക്കുള്ള പാരിതോഷികം കെ.ടി.ഐ.ഡി ബോർഡ് ചെയർമാൻ യു.പി. ജോസഫും പന ചെത്തുതൊഴിലാളികൾക്കുള്ള പാരിതോഷികം എൻ.വി. ചന്ദ്രബാബുവും നൽകി. ബോർഡംഗങ്ങളായ ഷാജി തോമസ്, ടി.എൻ. രമേശൻ, ബേബി കുമാരൻ, സ്വാഗതസംഘം വൈസ് ചെയർമാൻ ടി.ആർ. സോമൻ, സെക്രട്ടറിമാരായ കെ.വി. ജോയ്, പി.പി. ജോയി, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ബീനാമോൾ വർഗീസ്, വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ സെയ്യദ് ഖാൻ എന്നിവർ സംസാരിച്ചു.