തൊടുപുഴ: തൊടുപുഴ നഗരസഭ ചെയർമാന്റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ തിങ്കളാഴ്ച കൗൺസിലിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ ചെയർമാൻ രാജിവയ്ക്കണമെന്നും തൊടുപുഴ അർബൻ ബാങ്ക് ചെയർമാനെതിരെയുള്ള വ്യാജ പ്രചാരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് നടത്തിയ എൽഡിഎഫ് നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് എതിരായി ശക്തമായ നിലപാടാണ് എൽ.ഡി.എഫിനുള്ളത്. കൈക്കൂലി വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും അഴിമതിയാണ്. അതുകൊണ്ടാണ് അത്തരമൊരു ആക്ഷേപം വന്നപ്പോൾ ചെയർമാൻ സനീഷ് ജോർജിനോട് രാജിവയ്ക്കാൻ മുന്നണി ഏകകണ്ഠമായി ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം നിയമത്തെ വെല്ലുവിളിച്ച് സ്വയം രക്ഷപെടാനാണ് ശ്രമിക്കുന്നത്. അവിശ്വാസം കൊണ്ടുവരാതെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടത് മുന്നണിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും നിലപാട് വ്യക്തമാക്കണം. അവിശ്വാസ പ്രമേയത്തെ അവർ പിന്തുണച്ചാൽ ഞങ്ങൾ സ്വീകരിക്കും. ചെയർമാൻ സ്ഥാനം രാജിവച്ച് എൽ.ഡി.എഫിനോട് പറഞ്ഞ വാക്കുപാലിക്കാൻ സനീഷ് ജോർജ് തയ്യാറാകണം. എല്ലാവരും ഒന്നിച്ചാൽ അദ്ദേഹത്തെ കൗൺസിലർ സ്ഥാനത്തു നിന്നു പോലും പുറത്താക്കാം. അത് രണ്ടാംഘട്ടത്തിൽ ആലോചിക്കേണ്ടതാണ്. കോൺഗ്രസോ ബി.ജെ.പിയോ പിന്തുണച്ചില്ലെങ്കിൽ അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം പൊറാട്ടുനാടകമാണെന്ന് വ്യക്തമാകും. ചെയർമാന്റെ ഏത് വെളിപ്പെടുത്തലും സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഉത്കണ്ഠയില്ല.
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് അർബൻ ബാങ്കിന്റെ പ്രവർത്തനം തടയുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂന്നാർ സഹകരണ ബാങ്കിനെതിരെയുള്ള നീക്കം സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞവർഷം 1.45 കോടി രൂപയാണ് ബാങ്കിന്റെ ലാഭമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. യോഗത്തിൽ സി.പി.ഐ നേതാവ് വി.ആർ. പ്രമോദ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി. മത്തായി, ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി.ആർ. സോമൻ, എൽ.ഡി.എഫ് നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു, ജബ്ബാർ, ദിലീപ് പുത്തിരിയിൽ എന്നിവർ സംസാരിച്ചു.