മറയൂർ: ആനയും കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങിയതോടെ ജില്ലയിലെ നൂറുകണക്കിന് കർഷകരുടെ ജീവിതം പൊറുതിമുട്ടി. മറയൂരിൽ കഴിഞ്ഞ ആഴ്ച ഓടിച്ചു വിട്ട കാട്ടാനകൾ വീണ്ടും നാട്ടിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ കാന്തല്ലൂർ റോഡിലും പുത്തൂർ തലച്ചോർകടവ് ഭാഗത്തും ഇറങ്ങിയ കൊമ്പന്മാർ വ്യാപകമായി വാഴ കൃഷി നശിപ്പിച്ചു. തലച്ചോർകടവിലെ രാമേഷിന്റെ കൃഷിത്തോട്ടത്തിൽ എത്തിയ മൂന്ന് കാട്ടാനകൾ വാഴ കൃഷിയും മറ്റു വിളകളും നശിപ്പിച്ചു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട രമേഷ് രോഗം ബാധിച്ച മാതാപിതാക്കൾക്കൊപ്പം വനംവകുപ്പ് ഓഫീസിലെത്തി കുത്തിയിരുപ്പ് സമരം നടത്തുമെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്ക് മുമ്പാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കാട്ടാനകളെ ഓടിക്കാൻ ശ്രമം നടത്തിയത്. അഞ്ച് കാട്ടാനകളെ നാട്ടുകാരും വനംവകുപ്പും പഞ്ചായത്തും സംയുക്തമായി ഒറ്റ ദിവസം നടത്തിയ ദൗത്യത്തിൽ വനത്തിലേക്ക് കടത്തിവിട്ടിരുന്നു. ഇതോടെ നാല് ദിവസങ്ങൾ ആശ്വാസം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി മറയൂർ കാന്തല്ലൂർ റോഡിലും ശിവൻപന്തി കീഴാന്തൂർ ഭാഗത്തും വേട്ടക്കാരൻ കോവിൽ ഭാഗത്തും അവിടെ നിന്നും എത്തിയ കൊമ്പന്മാർ കൃഷിത്തോട്ടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ദൗത്യം അവസാനിപ്പിക്കാതെ തുടർച്ചയായി ആനകളെ നിരീക്ഷിക്കുകയും വനത്തിൽ നിന്നും നാട്ടിലേക്ക് കടക്കാതിരിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒറ്റ ദിവസം കൊണ്ട് ദൗത്യം ഏറ്റെടുക്കുകയും പിന്നീട് ഒന്നും തന്നെ വനം വകുപ്പിൽ ഉദ്യോഗസ്ഥരിൽ നിന്ന് കാണാൻ കഴിഞ്ഞില്ല. ഓണം സീസണിച്ചുള്ള വിളകളാണ് ഇപ്പോൾ പകുതി ഭാഗമായി നിൽക്കുന്നത്. ഇനി ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന തരത്തിൽ് കൃഷികൾ വളർന്ന് പന്തലിച്ച് പച്ചപ്പായി നിൽക്കുമ്പോൾ കാട്ടാനകൾ കയറിയിറങ്ങി കൃഷിയെ നശിപ്പിച്ചു വരുന്നത് താങ്ങാൻ കഴിയില്ല എന്നാണ് നാട്ടുകാരും കർഷകരും പറയുന്നത്.

സിങ്കുകണ്ടത്ത് ചക്കക്കൊമ്പന്റെ ആക്രമണം
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന ആക്രമണം നടത്തി.

ഇന്നലെ പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം. ജനവാസമേഖലയിലിറങ്ങിയ ആന കൃഷി നശിപ്പിച്ചു. ആൾതാമസമില്ലാത്ത ഒരു വീടിന്റെ വാതിൽ തകർത്തു. പ്രദേശവാസിയായ ശ്യാമിന്റെ വീടാണ് തകർത്തത്. ശ്യാമിന്റെ കുടുംബം സ്ഥലത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

പുലിയെ പേടിച്ച് പശുവളർത്തൽ ഉപേക്ഷിക്കുന്നു

പീരുമേട്: വന്യമൃഗശല്യം രൂക്ഷമായതോടെ പീരുമേട്, വണ്ടിപെരിയാർ പ്രദേശത്തെ ക്ഷീര കർഷകർ പശുവളർത്തൽ ഉപേക്ഷിക്കുന്നു. ചെറുകിട കർഷകരും തോട്ടം തൊഴിലാളികളും തങ്ങളുടെ ജോലിയോടോപ്പം ഉപജീവനത്തിനായി കണ്ടെത്തിയ മാർഗ്ഗമാണ് പശുവളർത്തൽ. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പെരിയാർ കടുവാ സങ്കേതത്തിനോടു ചേർന്നും ശബരിമല വനാതിർത്തിയും പങ്കിടുന്ന പ്രദേശത്ത് നൂറു കണക്കിനു കന്നുകാലികളെയാണ് വന്യമൃഗങ്ങൾ കൊന്നൊടുക്കിയത്. കൂടുതലും പുലിയുടെ ആക്രമണത്തിലാണ് പശുക്കൾ കൊല്ലപ്പെടുന്നത്. പട്ടുമല,​ പുതുവൽ, പ്ലാക്കത്തടം, കല്ലാർ, രാജമുടി, അറുപത്തിരണ്ടാം മൈൽ, തൊണ്ടിയാർ എസ്റ്റേറ്റ്, വള്ളക്കടവ്, ഇഞ്ചിക്കാട്, തങ്കമല, ഗ്രാമ്പി, അരണക്കൽ,​ ഹില്ലാഷ് എന്നിവിടങ്ങളിൽ നിന്നുമുള്ള കന്നുകാലികളെയാണ് വന്യമൃഗങ്ങൾ കൊന്നൊടുക്കിയത്. പട്ടുമല പുതുവൽ സഞ്ചയ് നിവാസിൽ ചന്ദ്രബോസിന്റെ ആറു പശുക്കളെയാണ് പലപ്പോഴായി പുലി പിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ചന്ദ്രബോസിനുണ്ടായത്. പട്ടുമല സുകുമാരന്റെയും ആറ് പശുക്കളെ പുലിപിടിച്ചു കൊന്നു. ഇപ്പോഴാകട്ടെ രണ്ടു പശുക്കളാണ് സുകുമാരന്റെ തൊഴുത്തിലുള്ളത്. അരണക്കൽ മൗണ്ട് എസ്റ്റേറ്റിലെ ചന്ദ്രന്റെ നാല് പശുവിനെയാണ് പുലി പിടിച്ചത്. മൗണ്ട് എസ്റ്റേറ്റ് സുശീലൻ, തങ്കമല മാട്ടുപ്പെട്ടി മണികണ്ഠൻ, തങ്കമല ചന്ദ്രൻ, ഗ്രാൻബി വെടിക്കുഴി ഏശയ്യ, പട്ടുമല പുതുവലിലെ വേളാങ്കണ്ണി ,വിനീത്, ശരവണൻ , എന്നിവരും പശു വളർത്തൽ ഉപേക്ഷിച്ചു. ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവയും പുലിയും കൊന്നൊടുക്കിയത്. കർഷകർ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതും ക്ഷീര കർഷകർ പശുക്കളെ മേയാൻ അഴിച്ചു വിടുന്നതുമാണ് പശുക്കളെ നഷ്ടമാകാൻ ഇടയാക്കുന്നത്. പല പശുക്കൾക്കും ഇൻഷ്വറൻസ് എടുക്കാതിരുന്നത് നഷ്ടപരിഹാരം ലഭിക്കാതിരിക്കാൻ കാരണമായി. വന്യ മൃഗങ്ങൾ നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള വൈദ്യുതി വേലികളോ കിടങ്ങുകളോ ഇല്ലാത്തതിനാലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് സുഗമമായി ഇറങ്ങുന്നത്.