തൊടുപുഴ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വാത്തിക്കുടി പഞ്ചായത്തിൽ നടത്തിയ ഇറച്ചികട അഴിമതിയെ സംബന്ധിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ആവശ്യപ്പെട്ടു. സമസ്ത മേഖലയിലും അഴിമതി മുഖമുദ്രയാക്കിയ സി.പി.എം അറവുശാലകളെ പോലും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നു. എല്ലാം നടന്നത് ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ ഒത്താശയോടെയും അറിവോടെയും പങ്കാളിത്തത്തോടെയുമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണത്തിലൂടെ വെളിവായിരിക്കുന്നത്. സി.പി.എമ്മിന്റെ ഉന്നത നേതൃത്വം അറിഞ്ഞാണ് ഈ അഴിമതി നടന്നിരിക്കുന്നത് എന്നത് അതീവ ഗൗരവകരമാണ്. ഭരണത്തിന്റെ മറവിൽ രക്ഷപെടാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ടെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ മുന്നറിയിപ്പു നൽകി.