തൊടുപുഴ: ടൂർകോ തൊടുപുഴ, റോട്ടറി ക്ലബ് തൊടുപുഴ, സി.ബി.എ ക്ലബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള ഉപ്പുകുന്ന് മലനിരകളിലൂടെ സംഘടിപ്പിച്ച മഴനടത്തം വ്യത്യസ്ത അനുഭവമായി. കോടമഞ്ഞിന്റെയും മഴയുടെയും പാശ്ചാത്തലത്തിൽ പൂക്കളും അപൂർവ്വയിനം പക്ഷികളും വിദൂരക്കാഴ്ചകളും കാണാൻ പങ്കെടുത്തവർക്ക് അവസരം കിട്ടി. മഴനടത്തത്തോടൊപ്പം, വിദേശ രാജ്യങ്ങളിൽ മാത്രം നടത്തിവരുന്ന മൗണ്ടൻ ബൈക്കിംഗ് മഴ നടത്തത്തിന് മിഴിവേകി. രാവിലെ പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ ഫ്ളാഗ് ഓഫ് ചെയ്തു. ടൂർക്കോ ചെയർമാൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അരുവിപ്പാറ വ്യൂ പോയിന്റ്, ഉപ്പുകുന്ന് വ്യൂപോയിന്റ്, മുറംകെട്ടി പാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നുമണിയോടെ ചെപ്പുകുളത്തെ ഇരുകല്ലുംപാറയിൽ മഴനടത്തം സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നായി എഴുപതോളം പേർ മഴ നടത്തത്തിൽ പങ്കെടുത്തു. പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.വി. ഫ്രാൻസിസ്, ടൂർകോ ഡയറക്ടറന്മാരായ ജോസ് കെ. മാത്യു, സുരേന്ദ്രൻ നായർ, നിബി തോമസ്, ടൂർക്കോ, ക്രിയേറ്റീവ് കോ-ഓർഡിനേറ്റർ ഹരിതാ എസ്. നായർ എന്നിവർ മഴ നടത്തത്തിന് നേതൃത്വം നൽകി. ചെപ്പുകുളത്ത് സമാപന സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ജോബ് കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.