തൊടുപുഴ: സംസ്ഥാന ഭരണത്തിലും തൊടുപുഴ നഗരസഭയിലും സി.പി.എം നടത്തുന്ന വ്യാപക അഴിമതിക്കെതിരായ ജനവിധിയാകും തൊടുപുഴ നഗരസഭാ ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. തൊടുപുഴ നഗരസഭ ഒമ്പതാം വാർഡിലേക്ക് 30ന് നടക്കുന്ന ഉപതിരെഞ്ഞെടുപ്പിൽ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോർജ്ജ് ജോൺ കൊച്ചുപറമ്പിലിന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ നഗരസഭയിൽ വലിയ അഴിമതികളാണ് നടന്നിരിക്കുന്നത്. എൽ.ഡി.എഫ് ഭരണ സമിതി നഗരവികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. അഴിമതിക്കും കൂറുമാറ്റ രാഷ്ട്രീയത്തിനുമെതിരായ ജനവികാരം ശക്തമാണ്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യു.ഡി.എഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മുതലക്കോടം സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ. കരിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, നേതാക്കളായ റോയി കെ. പൗലോസ്, എം.എസ്. മുഹമ്മദ്, ജോസഫ് ജോൺ, ജോസി ജേക്കബ്, ടി.കെ. നവാസ്, എ.എം. ഹാരിദ്, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, വി.ഇ. താജുദീൻ, കെ.ജി. സജിമോൻ, പി.കെ. മൂസ, കെ. ദീപക്, ജോൺ നെടിയപാല, ജാഫർ ഖാൻ മുഹമ്മദ്, കൗൺസിലർമാരായ സനു കൃഷ്ണൻ, സഫിയ ജബ്ബാർ, ഷഹന ജാഫർ, റസിയ കാസിം, സാബിറ ജലീൽ എന്നിവർ പ്രസംഗിച്ചു.