maalinyam

പീരുമേട്: ഇവിടെ മാലിന്യകൂമ്പാരമുണ്ട്, അകലെയൊന്നുമല്ല അധികൃതരുടെ മൂക്കിന് താഴെയാണ്. നാട്ടുകാരെ ശുചിത്വം പഠിപ്പിക്കുകയും മാലിന്യനിക്ഷപത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്ന ഏലപ്പാറപഞ്ചായത്ത് ഓഫീസിന് പിന്നിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയത്. നാട്ടുകാർ ഇതുവഴി പോകണമെങ്കിൽ മൂക്കുപൊത്തണം.
പഞ്ചായത്ത് ഓഫീസിന് സമീപം നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പോലും ഒഴിവാക്കാൻ അധികൃതർക്ക് കഴിയുന്നില്ലങ്കിൽപ്പിന്നെയെങ്ങനെ നാട്ടിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണും . വാഗമൺ ഉൾപ്പടെയുള്ള ടൂറിസം മേഖല ഉൾപ്പെടുന്ന പഞ്ചായത്തിൽ ഇങ്ങനെയായാൽപ്പിന്നെ നാട്ടിൽ കാണുന്ന ഇത്തരം നിയമവിരുദ്ധപ്രവത്തനങ്ങൾക്ക് പിഴയിടാനാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഇവിടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ സ്റ്റാൻഡും, ബസ് സ്റ്റാൻഡും ഇതിന് സമീപത്താണ് പ്രവർത്തിക്കുന്നത്. നിത്യവും നുറുകണക്കിന് ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സ്ഥലത്താണ് മാലിന്യ നിക്ഷേപം നടത്തുന്നത്. തെരുവ് നായ്ക്കൾ ഭക്ഷ്യ അവശിഷ്ടൾ കണ്ട് ഇവിടെ തമ്പടിക്കാറുണ്ട്. അഴിച്ചു വിടുന്ന കന്നുകാലികളും ഇവിടെ മാലിനളകൂമ്പാരത്തിൽ കടന്ന്കയറി കൂടുതൽ ദുർഗന്ധമയമാക്കുകയാണ്.


=മഴ ശക്തമായ സാഹചര്യത്തിൽ ഇത്തരം മാലിന്യങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതിന് ഇടയാക്കും.

പണംവാങ്ങും

മാലിന്യം മാറ്റില്ല

കട്ടപ്പന: കട്ടപ്പന പുതിയ ബസ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യനീക്കം നടക്കുന്നില്ല . ഇതോടെ ഒരാഴ്ചയോളമായി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
വ്യാപാരി സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപ മാസംതോറും യൂസർ ഫീയായി ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ടതുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് അടക്കം കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് പണം അടച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.
എന്നാൽ പണം നൽകുന്നത് അല്ലാതെ മാലിന്യം കൃത്യമായി നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
പച്ചക്കറി കടകൾ, ബേക്കറികൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നെല്ലാം മാലിന്യം വ്യാപാരശാലകളുടെ മുന്നിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ് . അതോടൊപ്പം ബസ്റ്റാന്റിലേക്ക് അടക്കം കാൽനടയായി വരുന്നവർക്കും മാലിന്യ ചാക്കുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.