മൂലമറ്റം: മൂലമറ്റം പവർ ഹൗസിലെ ബട്ടർഫ്ളൈ വാൽവ് ഓഫ് ചെയ്യും. 4, 5, 6 നമ്പർ ജനറേറ്ററിലേക്ക് വെള്ളം എത്തിക്കുന്ന വാൽവായ ബൈപ്പാസ് ഹെഡ് വാൽവ് മാറ്റുന്നതിന് വേണ്ടി 23 മുതൽ 30 വരെയാണ് ഓഫ് ചെയ്യുന്നത്. നാടുകാണിയിലാണ് ബട്ടർഫ്ളൈ വാൽവ് പ്രവർത്തിക്കുന്നത്. ബട്ടർഫ്ളൈ വാൽവ് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് വാൽവുകളാണുള്ളത്. ഇതിൽ 4, 5, 6 നമ്പർ ജനറേറ്ററിലേക്ക് വെള്ളം എത്തിക്കുന്ന രണ്ടാമത്തെ വാൽവായ ബിവി- 2 ആണ് ഓഫ് ചെയ്യുന്നത്. രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പവർഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാവാട്ടാണ്. ഇതിൽ 4, 5, 6 ജനറേറ്ററുകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ 390 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.