>കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് 2 പുതിയ സർവീസ്

>ഗ്രാമങ്ങളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി.

>ജില്ലയിൽപുതിയ സബ് ഡിപ്പോ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

കട്ടപ്പന :എറണാകുളം ഭാഗത്തേക്കുള്ള ജനങ്ങളുടെ യാത്രാ ക്ലേശത്തിന് അറുതി വരുത്തി കൊണ്ടാണ് കെ.എസ്.ആർ.ടിസി കട്ടപ്പന സബ് ഡിപ്പോയിൽ നിന്ന് രണ്ട് സർവീസുകൾ ആരംഭിക്കുന്നത്. വൈകുന്നേരം 4.30ന് കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടത്തെത്തി തിരിച്ച് കട്ടപ്പന കൂടി ചെറുതോണി നേര്യമംഗലം വഴി എറണാകുളത്തെക്കും,രാത്രി എട്ടുമണിക്ക് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് ചെറുതോണി തൊടുപുഴ വഴി എറണാകുളത്തേക്കുമാണ് സർവീസുകൾ. ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ആണ് സർവീസ് നടത്തുന്നത്.മുൻപ് നിരവധി ആളുകൾക്ക് ഈ സമയങ്ങളിൽ ബസ് സർവീസുകൾ ഇല്ലാതിരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് വരുന്നതോടെ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയിൽ ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം ജല വിഭവ മന്ത്രി റോഷി ആഗസ്റ്റിൻ നിർവഹിച്ചു.ഫ്‌ളാഗ് ഓഫ് കർമ്മത്തിൽ നഗരസഭ അദ്ധ്യക്ഷ ബീന ടോമി, വൈസ് ചെയർമാൻ കെ ജെ ബെന്നി ,എ ടി ഒ എം ബഷീർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ മാണി ജോൺ, മുൻ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ സി ആർ മുരളി, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ മാണി ജോസഫ്, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ വി ആർ സജി , ഷാജി നെല്ലിപ്പറമ്പൻ , കെ പി ഹസൻ, ഇ ആർ രവീന്ദ്രൻ, ഷാജി കൂത്തോടി, ഷജി മോൾ ഷാജി, കെ.എസ്.ആർ.ടി.സി ജീവനക്കാരായ പി കെ ഷെഫീഖ്, പി എം മനോജ്, കെ നാസർ , പ്രമോദ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മുൻസിപ്പാലിറ്റിയുമായി

ചേർന്ന് ഗ്രാമവണ്ടി

കെ.എസ്.ആർ.ടി.സി കട്ടപ്പന സബ് ഡിപ്പോയുടെ ശോച്യാവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2018 ൽ മണ്ണിടിഞ്ഞതോടെ ഡിപ്പോയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങളും, പരിമിതികളും, നിലവിലെ അപകടാവസ്ഥയും, അതിനെത്തുടർന്ന് ഉണ്ടായ പ്രഖ്യാപനങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു റിപ്പോർട്ട്. തുടർന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ മുൻപ് പ്രഖ്യാപിച്ച മൂന്ന് കോടി രൂപ ഉടൻ ചിലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ വിവിധ ഗ്രാമീണ മേഖലകളിൽ യാത്രാസൗകര്യം ഒരുക്കുന്നതിനായി മുൻസിപ്പാലിറ്റിയുമായി ചേർന്ന് ഗ്രാമമണ്ടി അനുവദിക്കും.

"ജില്ലയിൽ പുതിയൊരു സബ് ഡിപ്പോ കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

മന്ത്രി റോഷി അഗസ്റ്റിൻ