തൊടുപുഴ: മുന്നണി ധാരണപ്രകാരം നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 13 കൗൺസിലർമാരും ഒപ്പിട്ട പ്രമേയം എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് നേരിട്ടാണ് കൈമാറിയത്. അവിശ്വാസ പ്രമേയം ആര് കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് യു.ഡി.എഫും ബി.ജെ.പിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടത്തിയ നയവിശദീകരണ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചത്. കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതോടെ സനീഷിനോട് എൽ.ഡി.എഫ് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സനീഷ് രാജിവയ്ക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ചെയർമാന് നൽകിയിരുന്ന പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചത്. സാങ്കേതികമായി എൽ.ഡി.എഫ് അവിശ്വാസ പ്രമേയം പാസാകില്ലാത്തതിനാൽ മറ്റാരുകൊണ്ടുവന്നാലും പിന്തുണയ്ക്കാമെന്ന് ആദ്യം നിലപാടെടുത്തു. എന്നാൽ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകാൻ ഇടതുപക്ഷം തീരുമാനിച്ചത്. എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫും ബി.ജെ.പിയും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ചെയർമാൻ സ്ഥാനത്ത് നിന്ന് സനീഷ് പുറത്താകുമെന്ന് ഉറപ്പായി.

'ആരാണോ ചെയർമാനെ അധികാരത്തിലേറ്റിയത് അവർ തന്നെ പുറത്താക്കാനും മുൻകൈ എടുക്കണമെന്നതായിരുന്നു യു.ഡി.എഫിന്റെ നിലപാട്. അഴിമതിക്കാരനായ ചെയർമാനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാണ് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരുടെയും അഭിപ്രായം. ആരോപണ വിധേയനായ ചെയർമാനെ പുറത്താക്കണമെന്നതിൽ നിന്ന് പിന്നോട്ടില്ല. അവിശ്വാസ പ്രമേയം വന്നാൽ പിന്തുണയ്ക്കും"

- എം.എ. കരീം (യു.ഡി.എഫ് കൗൺസിലർ)

'അഴിമതിക്കേസിൽ പ്രതിയായ ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആദ്യം നിലപാടെടുത്തത് ബി.ജെ.പിയാണ്. എട്ട് അംഗങ്ങൾ മാത്രമുള്ളതിനാൽ ബി.ജെ.പിക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാവില്ല. ചെയർമാനെ പുറത്താക്കാൻ എല്ലാവരും ഒരുമിക്കണമെന്ന ബി.ജെ.പി നിലപാടാണ് ഒടുവിൽ യാതാർത്ഥ്യമാകുന്നതെന്നും രാജശേഖരൻ പറഞ്ഞു."

-ബി.ജെ.പി കൗൺസിലർ പി.ജി. രാജശേഖരൻ

രണ്ടാഴ്ചയ്ക്ക് ശേഷം ചെയർമാൻ നഗരസഭയിലെത്തി

രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ചെയർമാൻ സനീഷ് ജോർജ്ജ് ഇന്നലെ നഗരസഭാ ഓഫീസിലെത്തി. എന്നാൽ പ്രതീക്ഷിച്ച പോലെ യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പ്രതിഷേധമൊന്നുമുണ്ടായില്ല.

'ആരോപണ വിധേയൻ മാത്രമായതിനാലാണ് താൻ രാജി വയ്ക്കാതിരുന്നത്. കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണ്. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിലയ്ക്കെടുക്കില്ല. പല കൗൺസിലർമാരും തന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാനായി അള്ളിപിടിച്ചിരിക്കാൻ താത്പര്യം ഇല്ല. ഔദ്യോഗിക പദവികൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല. മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതുകൊണ്ടാണ് തള്ളി പറയുന്നത്. കേസിലകപ്പെട്ടതിന് പിന്നിൽ ഗൂഡാലോചനയെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. ആരെയും കുറ്റംപറയാനില്ല."

-സനീഷ് ജോർജ്ജ് (ചെയർമാൻ)