പഠനോത്സവങ്ങൾക്ക് തുടക്കമായി
ഉടുമ്പന്നൂർ : ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പഠനോത്സവങ്ങൾക്ക് തുടക്കമായി. സ്മാർട് ഫോണിന്റെ ഉപയോഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുക, ഡിജിറ്റൽ പണമിടപാടുകൾ,എ. ടി. എം ഉപയോഗം എന്നിവയിൽ സ്വയം പര്യാപ്തത നേടുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി വിവിധ വാർഡുകളിൽ സർവ്വേ നടത്തി കണ്ടെത്തിയ 2100 പേർക്കാണ് പ്രാരംഭ ഘട്ടത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. പ്രത്യേക പരിശീലനം നൽകിയ സന്നദ്ധവോളണ്ടിയർമാർ വഴിയാണ് പഠനപ്രവർത്തനം മുമ്പോട്ട് കൊണ്ട് പോകുന്നത്.
ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും പ്രത്യേക പഠനോത്സവങ്ങൾ നടത്തി 30 ന് ആദ്യഘട്ട വിദ്യാഭ്യാസ പ്രവർത്തനം പൂർത്തിയാക്കും. തുടർന്ന് ജില്ലാ അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോട് കൂടി ഓൺലൈൻ പരീക്ഷ നടത്തി എല്ലാ പഠിതാക്കളുടേയും പഠന നിലവാരം ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തോടുകൂടി സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റൽ സാക്ഷരതാ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂർ മാറും. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയാണ് ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്.
സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയുമായി ഈ പ്രോഗ്രാമിനെ കൂട്ടി യോജിപ്പിക്കുമെന്നും പുതിയ കാലത്തിന്റെ അറിവുകളിൽ ഉടുമ്പന്നൂരിലെ ജനങ്ങളെ സമ്പൂർണ്ണ സാക്ഷരരാക്കി കാലത്തിനൊപ്പം നടക്കാൻ എല്ലാവരേയും സജ്ജരാക്കുക എന്നതാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.
ഡിജിറ്റൽ പഠനോത്സവത്തിന്റെ പഞ്ചായത്ത് തല പ്രവേശനോത്സവം കട്ടിക്കയത്ത് പഠിതാവ് വടക്ക്‌നേത്ത് സെലിൻ ബേബിക്ക് ഡിജിറ്റൽ പാഠപുസ്തകം നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം അദ്ധ്യക്ഷയായി.വിവിധ വാർഡുകളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, റിട്ട. ഹെഡ്മാസ്റ്റർമാരായ വി.വി ഫിലിപ്പ്, ടി.കെ വിജയൻ , ജോയി മാണി, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ പഠനോത്സവങ്ങൾ ഉത്ഘാടനം ചെയ്തു.