തൊടുപുഴ: ജില്ലയുടെ ആദ്യ വനിത കളക്ടറാണ് കൃത്യം മൂന്ന് വർഷം കളക്ടർ പദവിയിലിരുന്ന ശേഷം പടിയിറങ്ങുന്നത്. എച്ച്. ദിനേശൻ സ്ഥലം മാറിപോയപ്പോൾ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായിരുന്ന ഷീബാ ജോർജ്ജ് 2021 ജൂലായ് 13നാണ് ഇടുക്കി കളക്ടറായി ചുമതലയേൽക്കുന്നത്. ഇടുക്കിയുടെ 40-ാമത് ജില്ലാ കളക്ടറായിരുന്നു. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശിനിയായ ഷീബ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധയാകർഷിച്ചത്. പിന്നീട് ജില്ലയിലെ പട്ടയ ഭൂപ്രശ്നങ്ങളിലടക്കം നടത്തിയ ഇടപെടലിലൂടെ പലപ്പോഴും വിവാദത്തിലകപ്പെട്ടു. എങ്കിലും ആയിരക്കണക്കിന് പേർക്ക് പട്ടയം വിതരണം ചെയ്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മൂന്നാർ ദൗത്യസംഘത്തിന്റെ തലവനായിരുന്ന ഷീബാ ജോർജ്ജ് എതിർപ്പുകൾക്കിടയിലും നിരവധി കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് എടുത്തുപറയേണ്ട നേട്ടമാണ്.