മൂന്നാർ: ശക്തമായ മഴയെതുടർന്ന് ഇന്നലെ മൂന്നാറിലും നാരകക്കാനത്തും ഉരുൾപ്പൊട്ടലുണ്ടായി. ഇന്നലെ ഉച്ചയോടെ ദേവികുളം ലാക്കാട് മാനില ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ആദ്യം ഉരുൾപൊട്ടിയത്. കുന്നിൻ മുകളിൽ നിന്ന് ഉരുൾപൊട്ടി താഴേക്ക് കല്ലും മണ്ണും ഒഴുകുകയായിരുന്നു. മേഖലയിലെ തേയില കൃഷി നശിച്ചിട്ടുണ്ട്‌. വൈകിട്ട് ആറോടെ നാരക്കാനം പള്ളിക്കവലയ്ക്ക് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് അടിമാലി- കുമളി ദേശീയപാതയിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വന്നു വീണു. ഈ സമയം റോഡിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.