കുമളി: വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നത് കുമളി പഞ്ചായത്തിന് തലവേദനയാകുന്നു. കുമളി ടൗണിനു പരിസരത്തുള്ള ഇടവഴികളാണ് മാലിന്യ കൂമ്പാരമാകുന്നത്. പഞ്ചായത്തിന്റെ മാലിന്യനീക്ക വണ്ടികൾ മാലിന്യം നീക്കം ചെയ്യാൻ എത്തുമ്പോൾ നൽകാതെ വെയ്ക്കുന്നവരാണ് ഇത്തരത്തിൽ റോഡിൽ മാലിന്യങ്ങൾ നിറച്ച സഞ്ചികൾ തള്ളുന്നത്. കുമളി ബസ് സ്റ്റാൻഡിനു പിന്നിലുള്ള ഗ്രേസ് തിയേറ്റർ ജംഗ്ഷനിൽ നിന്ന് എസ്.ബി.ഐ റോഡിലേയ്ക്കുള്ള ഇടവഴി ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഇഷ്ട ലൊക്കേഷനിൽ ഒന്നാണ്. ഇരു ചക്ര വാഹനങ്ങളിൽ മാലിന്യം നിറച്ച കവറുകളുമായി എത്തുന്നവർ പകൽ സമയത്തും ഇവിടെ മാലിന്യം നിക്ഷേപിച്ച് മടങ്ങുന്നു. മുമ്പ് കുമളി കെ.എസ്.ആർ.ടി.സി ബൈപ്പാസ് റോഡിൽ മാലിന്യ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് ഈ റോഡിൽ ക്യാമറാ സ്ഥാപിക്കുകയും മാലിന്യം ഇട്ടവരെ പിടികൂടി വൻ തുകകൾ പിഴ ചുമത്തുകയും ചെയ്തിരുന്നു. പിടി വീഴുമെന്ന് ഉറപ്പായതോടെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. കുമളി പത്തു മുറി റോഡിലെ എസ് വളവിലും വൻ തോതിൽ മാലിന്യ നിക്ഷേപം നടത്തിയിരുന്നത് ക്യാമറാ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധരെ പിടികൂടിയതോടെ നിലച്ചു. കറേക്കാലമായി റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കാര്യമായ അന്വേഷണം നടക്കുന്നില്ല.
അലമ്പാക്കാൻ തെരുവ് നായ്ക്കൾ
കുമളി റോസാപ്പൂക്കണ്ടം ഭാഗത്തു താമസിക്കുന്ന ചിലരാണ് സ്ഥിരമായി ഗ്രേസ് തിയേറ്റർ ജംഗ്ഷനിൽ നിന്നുള്ള ബൈപ്പാസ് റോഡിൽ മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ ഇവർ റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കൾ വലിച്ചിഴയ്ക്കുന്നത് റോഡുകൾ വൃത്തി ഹീനമാകുന്നതിനും കാരണമാകുന്നു. വൃത്തിയില്ലാത്ത സാഹചര്യത്തിൽ കൊതുകുകളും പെരുകിയിരിക്കുകയാണ്. പഞ്ചായത്തിന്റെ അടിയന്തര നടപടിയാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
=' ഗ്രീൻ കുമളി ക്ലീൻ കുമളി ' പ്രവർത്തകർ ശുചീകരണം നടത്തി പോകുന്നതിനു പിന്നാലെ മാലിന്യങ്ങൾ കൂടുകളിലാക്കി എത്തുന്നവർ വഴിയോരത്ത് നിക്ഷേപിച്ച് മുങ്ങുന്നത് പതിവായിരിക്കുകയാണ്.
=കുമളി പഞ്ചായത്ത് വഴിയോര മാലിന്യ നിക്ഷേപകർക്കെതിരെ സ്വീകരിച്ചിരുന്ന കർശന നടപടികളിൽ നിന്ന് പിന്നോട്ട് പോയതാണ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടാൻ കാരണം