അടിമാലി:കനത്തമഴയിൽ ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും നാശനഷ്ടവും.ദേശിയപാത 85ൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.കാഞ്ഞിരവേലിയിൽ വീട് പൂർണ്ണമായി തകർന്നു.പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.കല്ലാർ മാങ്കുളം റോഡിൽ രണ്ടിടങ്ങളിൽ വെള്ളം കയറി.കല്ലാർകുട്ടി അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു.
ഇന്നലെ ഉച്ചമുതൽ ആരംഭിച്ച ശക്തമായ മഴ രാത്രിയിലും തുടർന്നു.ദേവികുളം താലൂക്കിന്റെ എല്ലാ മേഖലകളിലും ശക്തമായ മഴ പെയ്തു.ദേശിയപാത 85ൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന് സമീപം പാതയോരത്തെ മൺതിട്ടിയിടിഞ്ഞ് വീണു
കരടിപ്പാറക്ക് സമീപവും റോഡിലേക്ക് മണ്ണും മരവും ഇടിഞ്ഞെത്തി ഗതാഗതം തടസ്സപ്പെട്ടു.മൂന്നാർ മറയൂർ റോഡിലും മൂന്നാർ വട്ടവട റോഡിലും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞു.കല്ലാർ മാങ്കുളം റോഡിൽ തളികത്തിന് സമീപവും വിരിപാറ പാലത്തിലും വെള്ളം കയറി.രണ്ടിടങ്ങളിലും പുഴ കരകവിഞ്ഞതാണ് റോഡിലേക്ക് വെള്ളം കയറാൻ ഇടയാക്കിയത്.കുരങ്ങാട്ടി മച്ചിപ്ലാവ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് നിലം പൊത്തിയതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.അടിമാലി കോയിക്കകുടി ജംഗ്ഷന് സമീപം പപ്പട നിർമ്മാണ യൂണിറ്റിനുള്ളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. കെട്ടിടത്തിന് പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.യൂണിറ്റ് പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് മണ്ണിടിഞ്ഞ് വീണത് .യാന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു ആളപായമില്ല
ജലനിരപ്പുയർന്നതിനെ തുടർന്ന് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി.മരവും മരശിഖരങ്ങളും ഒടിഞ്ഞ് വീണ് താലൂക്കിന്റെ വിവിധമേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി.

അണക്കെട്ടുകൾ

തുറന്നു

ശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു.കല്ലാർകുട്ടി അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു.
മലങ്കര അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു.മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങിയ എല്ലാ അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്ക് വർധിച്ചു.മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ആളുകളോട് ജാഗ്രത പുലർത്തുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.മഴ കനത്താൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു..മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രതയിലാണ് .