ala
അയ്യപ്പൻകോവിൽ ആലയിൽ ഉണ്ടായ മണ്ണിടിച്ചിൽ

കട്ടപ്പന : മഴ ശക്തമായതോടെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വ്യാപക മഴക്കെടുതികളാണ് ഉണ്ടാകുന്നത്. മഴക്കൊപ്പം കാറ്റും ശക്തമാകുന്നതോടെ മരങ്ങൾ കടപുഴകി വീഴുകയാണ്. വിവിധ മേഖലകളിൽ വ്യാപകമായി മണ്ണിടിച്ചിലും ഉണ്ട് . ചൊവ്വ രാവിലെ 11 മണിയോടെ കട്ടപ്പന സ്‌കൂൾ കവലയിൽ പമ്പ് ഹൗസിനു സമീപം നിന്നിരുന്ന മരം കടപുഴകി വീണു. ഇതോടെ സ്‌കൂൾ കവല പള്ളിക്കവല റോഡിൽ ഗതാഗതം നിലച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലൻസ് അടക്കം കുടുങ്ങിയതോടെ അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.കാഞ്ചിയാർ പള്ളിക്കവലയിൽ തിങ്കൾ രാത്രിയിൽ മരം കടപുഴകി വീണ് മലയോര ഹൈവേയിലെ ഗതാഗതം അടക്കം തടസ്സപ്പെട്ടിരുന്നു . മഴ ശക്തമായതോടെ ഏതു നിമിഷവും ഇവിടെനിന്ന് മരങ്ങൾ ഒടിഞ്ഞു വീഴാനും കടപുഴകി വീഴാനുമുള്ള സാദ്ധ്യതയുണ്ട്.
കാഞ്ചിയാർ പെരിയൻ കവലയിൽ തിങ്കൾ രാത്രിയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞുവീണു . സംരക്ഷണഭിത്തി ഇടിഞ്ഞതോടെ പുലിക്കുന്ന്മുകളേൽ അനിലിന്റെ വീട് അപകടാവസ്ഥയിലായി . മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ പഞ്ചായത്ത് കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരുന്നു. അയ്യപ്പൻകോവിൽ തോണിത്തടിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞുവീണു . അയ്യപ്പൻകോവിൽ ആലടിയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു വീണു . ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ പുതിയ സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിരിക്കെകയാണ് മുൻപ് ഉണ്ടായിരുന്ന സംരക്ഷണഭിത്തി പൂർണമായി തകർന്നുവീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു .