വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു
തൊടുപുഴ: കുത്തനെയുള്ള ഇറക്കത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തൊടുപുഴ -ഈരാറ്റുപേട്ട റോഡിലെ മുട്ടം തോണിക്കല്ലിന് സമീപത്തെ വളവിൽ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് ഈരാറ്റുപേട്ട ദിശയിലേക്ക് പോയ കാറിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇതിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ഈ സമയം അതുവഴി വന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽകല്ല് കണ്ട് മടങ്ങുകയായിരുന്ന നേര്യമംഗലം സ്വദേശികളായ യുവാക്കളുടേതാണ് ബൈക്ക്. നാലംഗ സംഘം സഞ്ചരിച്ച രണ്ട് ബൈക്കുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കവും കനത്ത മഴയിൽ റോഡിൽ വഴുക്കലുണ്ടായതുമാണ് അപകട കാരണമെന്നാണ് സൂചന. മുട്ടം, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തിയിലാണ് അപകടം നടന്നത്. സംഭവമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തുണ്ടായിരുന്നവർ പൊലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ മുക്കാൽ മണിക്കൂറിന് ശേഷം മേലുകാവ് പൊലീസ് എത്തിയെങ്കിലും അപകടം നടന്നത് മുട്ടം പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലാണെന്നും തുടർ നടപടികൾ മുട്ടം പൊലീസാണ് സ്വീകരിക്കേണ്ടതെന്നും അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഒറ്റവരിയായി വാഹനങ്ങൾ കടന്ന് പോകാൻ സൗകര്യമൊരുക്കിയത്.