തൊടുപുഴ: കർക്കിടകത്തിന്റെ വരവറിയിച്ച പെയ്ത തോരാമഴയിൽ ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തം. 24 മണിക്കൂറിനിടെ 3.58 അടി ജലനിരപ്പുയർന്ന് 2345.6 അടിയിലെത്തി. സംഭരണശേഷിയുടെ 42 ശതമാനമാണിത്. 171.8 മി.മീ മഴ ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി. 7.04 കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒറ്റ ദിവസം ഒഴുകിയെത്തി. 1720.746 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഉണ്ട്. ഇത് മൊത്തം സംഭരണശേഷിയുടെ 42 ശതമാനമാണ്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് മൊത്തം സംഭരണ ശേഷി. ഇതിൽ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനാണ്.
സംഭരണശേഷി കവിഞ്ഞതിനേത്തുടർന്ന് കല്ലാർകുട്ടി, ലോവർപെരിയാർ, പെരിങ്ങൽകുത്ത്, മലങ്കര അണക്കെട്ടുകൾ തുറന്നുവിട്ടിരിക്കുകയാണ്. മറ്റ് അണക്കെട്ടുകളിലെ നിലവിലെ ജലസംഭരണം ശതമാനത്തിൽ ഇങ്ങനെയാണ്. പമ്പ 36, ഷോളയാർ 30, ഇടമലയാർ 40, കുണ്ടള 19, മാട്ടുപ്പെട്ടി 74, കുറ്റിയാടി 60, തര്യോട് 46, പൊന്മുടി 44 ശതമാനം. ജൂലൈ ഒന്നു മുതൽ ഇന്നലെ വരെ 686.951 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിൽ ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോർഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇക്കാലയളവിൽ എത്തിയത് 624.469 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഇടുക്കി (34 %), വയനാട് (32 %), എറണാകുളം (31 %) ജില്ലകളിൽ ഇപ്പോഴും മഴക്കുറവ് തുടരുകയാണ്. മറ്റ് ജിലകളിലെ മഴത്തോത് സാധാരണ നിലയിലെത്തി.