കട്ടപ്പന: ഗവ കോളേജിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ പ്രവർത്തനത്തിനാവശ്യമായ ആധുനിക ലാബുകൾ സ്ഥാപിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

കെമിസ്ട്രി വിഭാഗത്തിൽ റിസർച്ച് ലാബും അനുബന്ധ സൗകര്യങ്ങളും ഫിസിക്സ് ലാബിൽ സ്‌പെക്ടറോ സ്‌കോപ്പി ലാബ് ഉപകരണങ്ങൾ, റിസർച്ച് ലാബ് സെറ്റിംഗ്,ബേസിക് അസ്‌ട്രോണോമിക്കൽ ഒബ്സർവേറ്ററി ലാബ് ഉപകരണങ്ങൾ,അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ലൈബ്രറി പുസ്തകങ്ങൾ ,ഫിസിക്സ് കെമിസ്ട്രി ലാബ് നവീകരണം, മാത്തമാറ്റിക്സ് വിഭാഗത്തിൽ ഡേറ്റ അനലിറ്റിക്കൽ സെന്റർ ,ഇംഗ്ലീഷ് വിഭാഗത്തിന്റെ ലാബ് നവീകരണം ,ജനറൽ ലൈബ്രറിയിൽ ഡിജിറ്റൽ ലൈബ്രറിയും ഓൺലൈൻ പരീക്ഷ സൗകര്യം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.

ആധുനിക ലാബുകൾ ക്രമീകരിക്കുന്നതോടെ വിവിധ വിഭാഗങ്ങളുടെ പഠന സൗകര്യം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കോളജിൽ നാല് ബിരുദാനന്തര കോഴ്സുകളും ഏഴ് ബിരുദ കോഴ്സുകളിലുമായി 780 ൽ അധികം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി വരുന്നു.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ ഹോസ്റ്റൽ സൗകര്യവും ഒരുക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡ് അംഗീകാരമുള്ള കേളേജാണ് ഇത്. കോമേഴ്സ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഡോക്ടർ ഓഫ് ഫിലോസഫി (പി.എച്ച്.ഡി) വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.