തൊടുപുഴ: മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയ്‌ക്കൊപ്പം ജില്ലയിൽ പരക്കെ കെടുതികളും തുടരുന്നു. കൈത്തോട് മുറിച്ച് കടക്കുന്നതിനിടെ യുവാവ് കാൽവഴുതി വീണ് മരിച്ചു. താളുംങ്കണ്ടം കുടിയിലെ ഊരുമൂപ്പൻ സുരേഷ് മണിയുടെ മകൻ സുനീഷ് സുരേഷാണ് (21) മരിച്ചത്. മാങ്കുളം താളുംങ്കണ്ടം കുടിയിലെ കൈത്തോട്ടിൽ കനത്ത മഴയിൽ കൈത്തോട്ടിലെ ശക്തമായ നീരൊഴുക്കിൽപ്പെട്ടായിരുന്നു മരണം. പുതുക്കുടിയിലായിരുന്നു ഇവർ താമസിച്ച് വന്നിരുന്നത്. ചൊവ്വാഴ്ച രാത്രിയിൽ താളുംങ്കണ്ടം കുടിയിലെ ബന്ധുവീട്ടിൽ നിന്ന് സുനീഷ് പുതുക്കുടിയിലെ വീട്ടിലേക്ക് പോയി. വഴി മദ്ധ്യേയുള്ള കൈത്തോട് മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇന്നലെയും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞും മരംവീണും നഷ്ടമുണ്ടായി. മരം വീണ് കാന്തിപ്പാറ ഓണാട്ടുകുന്നേൽ സുനിൽ, വെള്ലയാംകുടി ലക്ഷംവീട് കോളനിയിൽ കല്ലുപുരയ്ക്കൽ ഫസീല, തണ്ണിപ്പാറ തൂക്കുപാലം രവീന്ദ്രൻ എന്നിവരുടെ വീട് തകർന്നു. ശക്തമായ കാറ്റിൽ ഉപ്പുതറ ഒമ്പതേക്കറിൽ മേൽക്കൂര പോയി അമ്പാട്ട് കുട്ടിയമ്മയുടെ വീട് തകർന്നു. ആർക്കും പരിക്കില്ല. ഇതുകൂടാതെ രണ്ട് ദിവസത്തിനിടെ മരം വീണും മണ്ണിടിഞ്ഞും 23 പേരുടെ വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഇന്നലെ കട്ടപ്പന ആനവിലാസം- കുമളി റോഡിൽ വൻമരം കടപുഴകി വീണു. ഈ സമയം ഇതുവഴി പോയ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അടിമാലി സൗത്ത് കത്തിപ്പാറ കഴുതച്ചാലിൽ റോഡിലേക്ക് കൂറ്റാൻ പാറക്കല്ല് വീണു. ഒന്നരയാൾ പൊക്കമുള്ള പാറക്കല്ല് നീക്കാനായില്ല. ഇതോടെ പ്രദേശത്തെ 15 കുടുംബങ്ങളുടെ വഴി തടസപ്പെട്ടു. മൂന്നാർ- മറയൂർ റോഡിൽ എട്ടാംമൈലിൽ റോഡിലേക്ക് കരിങ്കല്ല് വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. ദേവികുളം എൽ.പി സ്‌കൂളിന്റെ ഗേറ്റിന് മുന്നിലേക്ക് മണ്ണിടിച്ച് വീണു. വ്യാപകമായി കൃഷിനാശവും ഉണ്ടായി.
മഴയുടെ അളവ്
തൊടുപുഴ- 41 മിമീ
ഉടുമ്പഞ്ചോല- 29.8
ദേവികുളം- 86.4
പീരുമേട്- 58
ഇടുക്കി- 72.8
ശരാശരി- 57.82
രണ്ട് ദുരിതാശ്വാസ
ക്യാമ്പുകൾ
കനത്ത മഴയെ തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം രണ്ടായി. മൂന്നാർ പാരിഷ് ഹാളിൽ 33 പേർ കഴിയുന്നുണ്ട്. ഉടുമ്പഞ്ചോല പാറത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് വീട് തകർന്ന ഒരു കുടുംബവും കഴിയുന്നുണ്ട്.
രാത്രിയാത്രാ
നിരോധനം തുടരും
മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ജില്ലയിൽ രാത്രികാല യാത്രയ്ക്കുള്ള നിരോധനം തുടരും. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെ പൊതുഗതാഗതം ഒഴികെ മറ്റ് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഡാമുകളിൽ ജലനിരപ്പ്
കുതിച്ചുയരുന്നു
മഴയിൽ നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പും കുതിച്ചുയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൂന്ന് ദിവസം ആറ് ശതമാനമാണ് ഉയർന്നത്. 14ന് 2342.02 അടിയായിരുന്ന ജലനിരപ്പ് നിലവിൽ അഞ്ചടിയോളം ഉയർന്ന് 2348.5 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേസമയം 2323.10 അടിയായിരുന്നു ഇത്. 2403 അടിയാണ് പരാമവധി സംഭരണശേഷി. സമുദ്രനിരപ്പിൽ നിന്നുള്ള അളവാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58.861 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്ന് 125.1 അടിയായി. 142അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജില്ലയിൽ താരതമ്യേന ചെറുഅണക്കെട്ടുകളായ മലങ്കര, കല്ലാർകുട്ടി, പാംബ്ല എന്നീ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്.