കട്ടപ്പന : കട്ടപ്പനയിലും സമീപ പഞ്ചായത്തുകളിലും മഴക്കെടുതികൾ തുടരുകയാണ്. അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കട്ടപ്പന വെള്ളയാംകുടി ലക്ഷം വീട് കോളനിയിൽ വൻ മരം വീടിന് മുകളിലേക്ക് കടപുഴകി വീണു .ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് മരം വീടിന് മുകളിലേക്ക് പതിച്ചത്. മഴയും കാറ്റും ശക്തമായതോടെ രാവിലെ മുതൽക്കേ മരം ചാഞ്ഞു തുടങ്ങിയിരുന്നു. ഇതേ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്നവരോട് അപകട സാദ്ധ്യത കണക്കിലെടുത്ത് വീട്ടിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു.
കട്ടപ്പന ആനവിലാസം റോഡിൽ വൻ മരം കടപുഴകി വീണു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ആനവിലാസം ടൗണിന് സമീപത്തായി വൻമരം കടപുഴകി വീണത്. സംഭവസമയം ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികൻ മരം മറിഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. റോഡിന് കുറുകെ മരം പതിച്ചതോടെ അടിമാലി -കുമളി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രണ്ട് വൈദ്യുത പോസ്റ്റുകളും ലൈനുകളും സ്വകാര്യ കേബിൾ കമ്പനിയുടെ ഫൈബർ ലൈനുകളും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം റോഡിൽനിന്ന് മുറിച്ച് നീക്കിയത്.
ശക്തമായ മഴയിൽ ഉപ്പുതറ 9 ഏക്കറിൽ വീട് തകർന്നു. അമ്പാട്ട് കുട്ടിയമ്മയുടെ വീടാണ് തകർന്നത്.
ഇന്നലെ ഉച്ചയോടെയാണ് കുട്ടിയമ്മയുടെ വീടിന്റെ പിൻവശം ഇടിഞ്ഞ് വീണത്. വിധവയായ കുട്ടിയമ്മയും മകനും മാത്രമാണിവിടെ താമസിക്കുന്നത്. ഇരുവരും പണിക്ക് പോയ സമയത്താണ് വീട് ഇടിഞ്ഞ് വീണത്. അതിനാൽ ആളപായം ഉണ്ടായില്ല.
വീട് തകർന്നതോടെ എം എൽ എ യുടെ നിർദ്ദേശാനുസരണം റവന്യൂ അധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി.
ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗത്ത് ശക്തമായ മഴയെ തുടർന്ന് ചെറുനിലത്ത് സി.കെ അജിയുടെ വീട് പൂർണമായി തകർന്നു.വെൽഡിംഗ് ജോലിക്കാരനായ അജി യുടെ കൈക്ക് പരിക്ക് പറ്റി ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സാസംബന്ധമായി വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രായമായ മാതാപിതാക്കളെ ബന്ധുവീട്ടിൽ ആക്കിയിരുന്നു .