കട്ടപ്പന :മഴപെയ്യുന്നതോടെ കട്ടപ്പന നഗരത്തിന്റെ വിവിധ ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് . അടിമാലി കുമളി ദേശീയപാതയിൽ വെള്ളയാംകുടി മുതൽ ഇടുക്കി കവല വരെയുള്ള ഭാഗങ്ങളിൽ നിരവധി വെള്ളക്കെട്ടുകളാണുള്ളത്. വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ ഓടകളുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം. ദേശീയപാത അതോറിറ്റിയാണ് ഇവിടെ ഓടകൾ നിർമ്മിക്കേണ്ടത്. കട്ടപ്പന വെള്ളയാംകുടി റോഡിൽ മുൻപ് ഓടകൾ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഇവ അടഞ്ഞു. ഇതോടെ വർഷങ്ങളായി റോഡിൽ രൂക്ഷമായ വെള്ളകൊണ്ടാണ് ഉണ്ടാകുന്നത്. കട്ടപ്പന ഇരട്ടയാർ റോഡിലും വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പ്രദേശവാസികൾക്ക് വീടുകളിലേക്ക് കയറാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
സംസ്ഥാനപാതയിൽ ഉൾപ്പെട്ട റോഡിൽ ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത് . വിദേശ മദ്യ വില്പന ശാലയിലേക്കടക്കം ഉള്ള റോഡ് ആയതിനാൽ സദാസമയവും വലിയ തിരക്കുള്ള പാതയാണിത്. വെള്ളക്കെട്ടിൽ ചാടിക്കാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ച് മാറ്റുമ്പോൾ എതിർദിൽ വരുന്ന വാഹനങ്ങളുമായി ഇടിക്കാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. കൂടാതെ കാൽനട യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കട്ടപ്പനയിലെ പ്രധാന പാതയിൽ എല്ലാം വർഷങ്ങളായി ഇത്തരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതാണ്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റിയോടും സംസ്ഥാന ഹൈവേ അതോറിറ്റിയോടും പാതയിലെ പ്രതിസന്ധി ധരിപ്പിക്കാൻ നഗര സഭയ്ക്ക് വീഴ്ച പറ്റുന്നു. പാതകളിൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിൽ പൊതുജനങ്ങൾ വലയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.