member
ഓടയിലിറങ്ങി മാലിന്യം നീക്കുന്ന പഞ്ചായത്ത് മെമ്പർ

മുട്ടം: ഓട നിറഞ്ഞ് റോഡിലൂടെ വെള്ളമൊഴുകിയത് ക്ലീനാക്കാൻ ആരും തയ്യാറാകാത്തതിനെ പഞ്ചായത്ത് മെമ്പർ തന്നെ നേരിട്ടിറങ്ങി. മുട്ടം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ മാത്യു പാലംപറമ്പിലാണ് (55)​ ഓടിയിലിറങ്ങി മാലിന്യം നീക്കിയത്. ഏറെ നാളായി മുട്ടം ആയുർവേദ ആശുപത്രിയ്ക്ക് മുൻവശം ഓട നിറഞ്ഞ് റോഡിലൂടെ വെള്ളമൊഴുകുന്നു. ഇത് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഓട വൃത്തിയാക്കേണ്ട ചുമതല പി.ഡബ്ല്യു.ഡിയ്ക്കാണ്. പഞ്ചായത്തും നാട്ടുകാരുമെല്ലാം പലവട്ടം പരാതി നൽകിയിട്ടും ഇവിടേക്ക് തിരിഞ്ഞുനോക്കാൻ പോലും പി.ഡബ്ല്യ.ഡി അധികൃതർ തയ്യാറായില്ല. പത്രങ്ങളിലും വാർത്ത വന്നിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നീക്കവും ഉണ്ടാകാത്തതിനെ തുടർന്നാണ് ഓട വൃത്തിയാക്കാൻ പഞ്ചായത്ത് മെമ്പർ നേരിട്ടിറങ്ങിയത്. കൂലിപ്പണിക്കാരും നാട്ടുകാരുമായ ഹമീദ് മഠത്തിപറമ്പിലിനെയും​ സജീവൻ ചെമ്പൻപുരയിടത്തിലിനെയും സഹായത്തിനും വിളിച്ചു. പ്രായം 55 ആയെങ്കിലും മെമ്പർ തന്നെ നേരിട്ട് ഓടയിൽ ഇറങ്ങി മാലിന്യങ്ങൾ കോരി മാറ്റി. ഇതോടെ ഓടയിലൂടെയുള്ള വെള്ളമൊഴുക്കും സുഗമമായി,​ ഈ ഭാഗത്തുള്ള വെള്ളക്കെട്ടിനും പരിഹാരമായി. കേരള കോൺഗ്രസ് അംഗമാണ് മാത്യു. പി.ഡബ്ല്യു.ഡിയ്ക്ക് പരാതി പറഞ്ഞ് മടുത്തതിനെ തുടർന്നാണ് ഓട വൃത്തിയാക്കാൻ നേരിട്ടിറങ്ങിയതെന്ന് മാത്യു പറഞ്ഞു. ഒപ്പം ജോലി ചെയ്തവർക്കുള്ള കൂലിയും മെമ്പർ സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ട സ്ഥതിയാണ്.