തൊടുപുഴ: മ്രാലയ്ക്ക് സമീപം സ്വകാര്യ ക്രഷറിന് സമീപം പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അധികൃതർ നടത്തിയ പരിശോധനയിൽ കുറുനരിയും കുഞ്ഞുങ്ങളുമാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മാടപ്പറമ്പിൽ ക്രഷറിന് സമീപത്തു കൂടി അജ്ഞാത ജീവികൾ നടന്നു പോകുന്നത് സെക്യൂരിറ്റി ജീവനക്കാരൻ ജോസഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പുലിയുടേതിന് സമാനമായ വലുപ്പമുള്ള രണ്ടു ജീവികളും അഞ്ചു കുഞ്ഞുങ്ങളമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതോടെ ഉടമയെ അറിയിച്ചു. ഇവർ രാവിലെയെത്തി ക്രഷറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അജ്ഞാത ജീവികളുടെ സാന്നിധ്യം കണ്ടെത്തി. ക്രഷറിൽ നടത്തിയ പരിശോധനയിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തി. തുടർ വനംവകുപ്പിനെ വിവരം അറിയിക്കുകയും റേഞ്ച് ഓഫീസർ സിജോ സാമുവേലിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. കാൽപാടുകളിൽ നടത്തിയ പരിശോധനയിൽ കുറുനരിയും കുഞ്ഞുങ്ങളുമാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. ഏതാനം ആഴ്ചകൾക്ക് മുമ്പ് കരിങ്കുന്നം പഞ്ചായത്തിലും തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇല്ലിചാരി മലയിൽ പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് മഞ്ഞമാവിലും പഴയമറ്റത്തും ക്യാമറകൾ സ്ഥാപിച്ചിരുന്നു. പുലിയെ പിടികൂടാൻ ആദ്യം ഇല്ലിചാരി മലയിലും പിന്നീട് പൊട്ടൻപ്ലാവിലും കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പുലി കുടങ്ങിയിട്ടില്ല.