തൊടുപുഴ: നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസത്തിൻമേലുള്ള ചർച്ച 29ന് നടക്കും. രാവിലെ 11ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസം പരിഗണിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഹാജരാകാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കൗൺസിലർമാർക്ക് നോട്ടീസ് അയച്ചു. കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതിനെ തുടർന്നാണ് ചെയർമാനെതിരെ എൽ.ഡി.എഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. 13 കൗൺസിലർമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്. ചർച്ചയ്ക്കു ശേഷം വോട്ടെടുപ്പും അന്ന് നടക്കും. എന്നാൽ അവിശ്വാസത്തിനു മുമ്പ് ചെയർമാൻ രാജി വയ്ക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. നഗരസഭ ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് തലേ ദിവസമാണ് ചെയർമാനെതിരെയുള്ള അവിശ്വാസം കൗൺസിലിൽ അവതരിപ്പിക്കുന്നത്. കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച സനീഷ് ജോർജ്ജ് എൽ.ഡി.എഫ് പിന്തുണയോടെയാണ് ചെയർമാനായത്. കൈക്കൂലിക്കേസിൽ പ്രതിയായതോടെ നഗസഭാ ചെയർമാനോട് രാജി വയ്ക്കാൻ എൽ.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിർദേശം അദ്ദേഹം തള്ളിയതോടെ ചെയർമാനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചിരുന്നു. അവിശ്വാസപ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃയോഗങ്ങൾ ചേർന്ന് തീരുമാനമെടുക്കും. എന്നാൽ യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ അവിശ്വാസത്തിനു പിന്തുണ നൽകുമെന്നാണ് സൂചന. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ഇരുമുന്നണികളും തുടർസമരത്തിലായിരുന്നതിനാൽ അവിശ്വാസത്തിനെ ഇവർക്ക് പിന്തുണയ്‌ക്കേണ്ടി വരും. കുമ്പംകല്ലിലെ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എൻജിനിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിലായ കേസിലാണ് ചെയർമാൻ രണ്ടാം പ്രതിയായത്.