മൂന്നാർ: ഒരു നൂറ്റാണ്ട് മുമ്പ് വൻ നാശം വിതച്ച് കടന്ന് പോയ 1924 ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ പുതുക്കി മൂന്നാർ നഗരം. അന്ന് മഹാ പ്രളയത്തിൽ നിന്നും നീന്തിക്കയറിയവർക്ക് അഭയമൊരുക്കിയ മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിന്റെ പാരിഷ് ഹാളിൽ മൂന്നാർ ജി. വി .എച്ച് .എസ് .എസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഫോക് ലാൻഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോക്ലോർ ആന്റ് കൾച്ചർ, മൂന്നാർ കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് മൂന്ന് നാൾ പരിപാടികൾ. 1924 ലെ മഹാപ്രളയം തുടങ്ങി മൂന്നാർ മേഖലയിലെ വിവിധ ദുരന്തങ്ങളുടെയും, ആദ്യകാല മൂന്നാറിന്റെയും ചിത്രങ്ങൾ, ലോകത്തെ ഏറ്റവും വലിയ ഓലക്കുട തുടങ്ങിയവയുടെയും 1924 ജൂലൈ മാസത്തെ പത്രങ്ങളുടെയും പ്രദർശനം ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫോക് ലാൻഡ് ചെയർമാൻ ഡോ വി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ മൈനർ ബസിലിക്ക റെക്ടർ റവ ഫാ. മൈക്കിൾ വലഞ്ചി, പോണ്ടിച്ചേരി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോക് ലോർ ആന്റ് കൾച്ചർ ഡയറക്ടർ ഡോ: പ്രഗതി രാജ്കുമാർ, മൂന്നാർ എ ഇ ഒ സി ശരവണകുമാർ, ഒഎസ് എ പ്രസിഡന്റ് എം ജെ ബാബു എന്നിവർ സംസാരിച്ചു. ലിജി ഐസക് സ്വാഗതവും വി ശക്തിവേൽ നന്ദിയും പറഞ്ഞു.ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണന്റെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
വൈകിട്ട് മൂന്നാർ ഓൾഡ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ 100 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ജി പീറ്റർ, എം. രാജേന്ദ്രൻ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാംരാജ്, സാജു വർഗീസ്, എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് എം രാജൻ, സൽമ, എസ് സജീവ്, വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.