മൂന്നാർ : 1924 ലെ മഹാപ്രളയത്തിന്റെ നൂറാം അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മൂന്നാർ മൈനർ ബസിലിക്ക പാരിഷ് ഹാളിൽ നടന്ന് വരുന്ന ഓലക്കുട ,ഫോട്ടോ പ്രദർശനം ഇന്ന് സമാപിക്കും. വലുപ്പത്തിൽ ഏറ്റവും വലിയ അമ്മാർക്കുട തുടങ്ങി കുഞ്ഞിക്കുട വരെ 35 ഓളം വിവിധ കുടകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. തൊപ്പിക്കുട, ആചാര കുട, ദൈവ കുട, കല്യാണ കുട,മൂപ്പൻ കുട തുടങ്ങിയ പ്രദർശനത്തിലുണ്ട്. 1924 ലെ പ്രളയ ചിത്രങ്ങളും മൂന്നാറിന് ചുറ്റുമുണ്ടായ ദുരന്ത ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാറിൽ അന്നുണ്ടായിരുന്ന തീവണ്ടി, റോപ് വേ, മുങ്ങിയ ടൗൺ, 2018 ലെ പ്രളയം, പെട്ടിമുടി ദുരന്തം തുടങ്ങിയ ചിത്രങ്ങളുണ്ട്. ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ പകർത്തിയ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.ഇന്നലെ സെമിനാർ, അനുഭവങ്ങൾ പങ്കുവെക്കൽ, തെയ്യം എന്നിവ നടന്നു. ഇന്ന് രാവിലെ മൂന്നാർ 2030 എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം എ .രാജ എം .എൽ എ ഉദ്ഘാടനം ചെയ്യും. കെ. ഡി .എച്ച് .പി കമ്പനി വൈസ് പ്രസിഡന്റ് മോഹൻ വർഗീസ് സമ്മാനദാനം നിർവഹിക്കും. ഒ.എസ് .എ വൈസ് പ്രസിഡന്റ് പ്രൊഫ. ടി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.