തൊടുപുഴ: മഴക്കാലത്തും തൊടുപുഴ നിവാസികൾക്ക് കുടിവെള്ളം കിട്ടാതായിട്ട് മൂന്ന് ദിവസമാകുന്നു. ഇനിയും രണ്ട് ദിവസം കൂടി ശുദ്ധജലവിതരണ വിതരണം മുടങ്ങുമെന്ന വാട്ടർ അതോറിട്ടിയുടെ അറിയിപ്പിനെ തുടർന്ന് ശക്തമായ പ്രതിഷേധമാണുയരുന്നത്. 16ന് രാത്രി 12 മണിയോടെ തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള റോ വാട്ടർ പമ്പ് ഹൗസിലെ സി.ടി.പി.ടി പാനലിലെ എച്ച്.ടി. കേബിൾ കനത്ത മഴയെ തുടർന്ന് നനഞ്ഞ് കത്തിപോയതിനെ തുടർന്നാണ് കുടിവെള്ള വിതരണം മുടങ്ങിയത്. 17ന് രാവിലെ കെ.എസ്.ഇ.ബി- വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എച്ച്.ടി. കേബിളുകൾ പൂർണമായും കത്തിപോയതായി കണ്ടെത്തി. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തകരാർ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയോടെ ഈർപ്പം കയറി സി.ടി.പി.ടി പാനൽ തകരാറിലായതാണെന്ന് കണ്ടെത്തി. പുതിയ സി.ടി.പി.ടി പാനൽ എത്തിക്കണമെങ്കിൽ ഒരു മാസം സമയമെടുക്കും. എന്നാൽ 24 മണിക്കൂറും കുടിവെള്ള വിതരണം നടത്തേണ്ട പമ്പ് ഹൗസാണിത്. തുടർന്ന് കെ.എസ്.ഇബിയുടെ പ്രത്യേക അനുമതിയോടെ സി.ടി.പി.ടി പാനലലില്ലാതെ നേരിട്ട് കണക്ഷൻ കൊടുക്കാൻ തീരുമാനിച്ചു. ഇതിന്റെ പണി ഇന്നലെ രാത്രി ആരംഭിച്ചിട്ടുണ്ട്. തകരാർ പരിഹരിക്കുന്നത് വരെ ഇന്നും നാളെയും കൂടി തൊടുപുഴ നഗരസഭ, കുമാരമംഗലം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി എൻജിനിയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ശുദ്ധജലവിതരണം പൂർവ്വസ്ഥിതിയിലാകും. ഒളമറ്റം പോലുള്ള സ്ഥലങ്ങളിൽ സുഗമമമായി കുടിവെള്ളം ലഭിക്കാൻ ഞായറാഴ്ചയാകും. അതേസമയം തകരാർ കണ്ടെത്തി പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാത്തത് വാട്ടർ അതോറിട്ടിയുടെ വീഴ്ചയാണെന്ന് നഗരവാസികൾ പറയുന്നു. ഏതാനം ദിവസം മുമ്പും പമ്പ് ഹൗസിലെ തകരാർ മൂലം രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
വെള്ളം വാങ്ങുന്നു,
തീവില കൊടുത്ത്
ശുദ്ധജല വിതരണം രണ്ട് ദിവത്തിലേറെ മുടങ്ങിയതോടെ പണം കൊടുത്ത് കുടിവെള്ളം വാങ്ങി നഗരവാസികൾ. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് പ്രധാനമായും തീവില കൊടുത്ത് കുടിവെള്ളം വാങ്ങുന്നത്. വണ്ടിയിൽ വലിയ കാനുകളിലെത്തിക്കുന്ന കുടിവെള്ളത്തിന് 1000 ലിറ്ററിന് 650 രൂപയാണ് ഈടാക്കുന്നത്. മറ്റ് കുടിവെള്ള സ്രോതസുകളില്ലാത്ത നഗരത്തിലെ ചില കുടുംബങ്ങളും പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്നുണ്ട്. ഇത്ര
'തുടർച്ചയായ മഴയായതിനാലാണ് തകരാർ പരിഹരിക്കാൻ വൈകിയത്. പാനലിൽ ഈർപ്പമുള്ളപ്പോൾ പ്രശ്നം പരിഹരിക്കാനാകില്ല."
-എബിറ്റ് മാത്യു ജോർജ്ജ് (വാട്ടർ അതോറിട്ടി അസി. എൻജിനിയർ)
അറ്റകുറ്റപ്പണിക്ക് ആളില്ല
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് മൂലം വരും നാളുകളിലും ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകാനാണ് സാദ്ധ്യത. ചെറുതും വലുതുമായ നിരവധി തകരാറുകളാണ് കുടിവെള്ള പദ്ധതികളിൽ ഉള്ളത്. ഇത് യഥാ സമയം പരിഹരിക്കുന്നില്ല. ചെറിയ തകരാർ വരുമ്പോൾ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ കാലതാമസം വരുത്തുകയും പിന്നീട് ആഴ്ചകളോളം സമയം എടുത്ത് പരിഹരിക്കേണ്ടതായും വരുന്നുണ്ട്. പൈപ്പും മോട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർക്ക് കോടികളാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. ഇത് വീണ്ടും അധികരിക്കുമ്പോൾ അവർ പണിമുടക്കും. അൽപം കുടിശ്ശിക നൽകി പണിമുടക്ക് മാറ്റിവെപ്പിക്കും. ഇതാണ് നടന്നു വരുന്നത്. ഇതിൽ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മാത്രം.