muttom
മുട്ടം കോടതിക്കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

മുട്ടം: കോടതി കവലയിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുക, മുട്ടം റൂട്ടിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് വരുന്ന ബസുകൾ കോടതി കവലയിൽ സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ നിറുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിനും പൊലീസ് എസ്.എച്ച്.ഒ ഇ.കെ. സോൾജി മോനും സെന്റർ ഫോർ റീജിയണൽ സ്റ്റേഡിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. മുൻ എം.പി പി.ടി. തോമസിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ ചെലവഴിച്ച് കോടതി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നില്ല. മുട്ടം റൂട്ടിൽ നിന്ന് തൊടുപുഴ ഭാഗത്തേക്കുള്ള ബസുകൾ കോടതിയിലേക്ക് തിരിയുന്ന റോഡിന് സമീപം നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. തുടർന്ന് ഇവിടെ നിയന്ത്രണാതീതമായ ഗതാഗത കുരുക്കാണ് നിത്യവും അനുഭവപ്പെടുന്നത്. കോടതി റൂട്ടിലേക്കുള്ള വാഹനങ്ങളും മുന്നോട്ട് കടന്ന് പോകാനാകാതെ റോഡിൽ പെട്ടുപോകുന്ന അവസ്ഥയാണ്. ബസുകൾ കോടതിയിലേക്കുള്ള റോഡിന് സമീപം നിറുത്തുന്നതിനാൽ കോടതി റൂട്ടിൽ നിന്ന് മുട്ടം ഭാഗത്തേക്കും തൊടുപുഴ ഭാഗത്തേക്കും പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച കാണാൻ കഴിയാതെ അപകടങ്ങളും ഇവിടെ പതിവാണ്. എന്നാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ ബസുകൾ നിറുത്തിയാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് സെന്റർ ഫോർ റീജിയണൽ സ്റ്റഡി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ സുജി മാസ്റ്റർ, ടോമി ജോർജ് മൂഴിക്കുഴിയിൽ, അജയൻ താന്നിക്കാമറ്റം, ഷബീർ എം.എ, സിജോ കളരിക്കൽ, കൃഷ്ണൻ കണിയാപുരം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.