കട്ടപ്പന: മഴ ശക്തമാവുകയും പുഴകളിൽ നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെ ഇരട്ടയാർ അണക്കെട്ടിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മാലിന്യം. അടിഞ്ഞുകൂടിയ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിന്റെ പലസ്ഥലങ്ങളിലായി വൻതോതിൽ മാലിന്യം അടിഞ്ഞിരുന്നു. അണക്കെട്ടിലേക്ക് ഒഴുകുന്ന വിവിധ പുഴകളിൽ നിന്നും കൈ തോടുകളിൽ നിന്നുമാണ് മാലിന്യം ഡാമിലേക്ക് പ്രധാനമായും എത്തിയത്. ഡാമിന്റെ സംഭരണശേഷിയെ മാലിന്യങ്ങൾ വലിയതോതിൽ ബാധിക്കുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് മൂന്ന് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിഷേപിച്ചിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുന്നത് മത്സ്യസമ്പത്തിനും ഭീഷണിയാകും. മീൻപിടിച്ച് ഉപജീവനം നടത്തുന്നവർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ അണക്കെട്ടിന്റെ സൗന്ദര്യത്തിനും ഇത് വെല്ലുവിളിയാകുന്നു. ഡാം സേഫ്‌റ്റി അതോറിട്ടിയാണ് മാലിന്യം നീക്കേണ്ടത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പഞ്ചായത്ത് ശുചീകരണം നടത്തുന്നതെന്ന് പ്രസിഡന്റ് ജിഷ ഷാജി അറിയിച്ചു. ഹരിത കർമസേനാംഗങ്ങളും ഡാമിൽ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നവരും ചേർന്നാണ് മാലിന്യം ശേഖരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഡാമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വള്ളത്തിൽ മാലിന്യം ശേഖരിച്ചുകൊണ്ട് വരികയും കരയിൽ നിൽക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും. തുടർന്നിവ മാലിന്യ സംസ്‌കരണത്തിനായി കൊണ്ടുപോകും.