തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ 22 മുതൽ 24 വരെ നടക്കും. കേരള ചലച്ചിത്ര അക്കാഡമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. തൊടുപുഴ സിൽവർ ഹിൽസ് തീയേറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യാതിഥിയാകും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർമാൻ ജെസി ആന്റണി, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു.എ. രാജേന്ദ്രൻ, തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവരും പ്രസംഗിക്കും. തുടർന്ന് 5.45 ന് സുനിൽ മാലൂർ സംവിധാനം ചെയ്ത വലസൈപ്പറവകൾ (മലയാളം) മേളയുടെ ഉദ്ഘാടനചലച്ചിത്രമായി പ്രദർശിപ്പിക്കും. രാത്രി എട്ടിന് അമേരിക്കൻ ഐറിഷ് സിനിമയായ 'Leap Year"ന്റെ പ്രദർശനം നടക്കും. മേളയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 5.45ന് ദക്ഷിണ കൊറിയൻ ചലച്ചിത്രം 'Okja" പ്രദർശിപ്പിക്കും. രാത്രി 8.30ന് നിരവധി പുരസ്‌കാരങ്ങൾ നേടിയ ഇംഗ്ലീഷ് ചലച്ചിത്രം 'Bridge to Terabithia" പ്രദർശിപ്പിക്കും.
24ന് വൈകിട്ട് 5.45ന് 'Always: Sunset on Third Street" എന്ന ജാപ്പനീസ് സിനിമയുടെ പ്രദർശനം നടക്കും. രാത്രി എട്ടിന് പ്രശസ്തമായ ക്ലാസിക്ക് ചലച്ചിത്രം 'The Blue Lagoon" സിനിമ സമാപനചലച്ചിത്രമായി പ്രദർശിപ്പിക്കും. മേളയിലെ മുഴുവൻ ചലച്ചിത്രങ്ങളും കാണുന്നതിന് നൂറു രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷന് ബന്ധപ്പെടുക, ഫോൺ: 9447753482, 9447776524.
ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ, യു.എ. രാജേന്ദ്രൻ, എം.ഐ. സുകുമാരൻ, അനിത മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.