തൊടുപുഴ: വിദ്യാർത്ഥികൾക്ക് പഠന സമയം കുറവെന്ന് പ്രചരിപ്പിച്ച് അദ്ധ്യയന ദിനങ്ങൾ കൂട്ടിയ സർക്കാർ 27ന് വിദ്യാഭ്യാസ കലണ്ടറിൽ ക്ലസ്റ്റർ ദിനമായി രേഖപ്പെടുത്തുകയും ഭരണകക്ഷി അദ്ധ്യാപകസംഘടനയുടെ ഡി.ഡി ഓഫീസ് മാർച്ചിന് വേണ്ടി 20 ലേക്ക് അദ്ധ്യാപക പരിശീലനം മാറ്റുകയും ചെയ്തത് സർക്കാരിന്റെ കപടവാദങ്ങൾ പുറത്തുകൊണ്ടുവരുന്നതാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആരോപിച്ചു. 20ന് പി.എസ്.സിയുടെ എൽ.പി.എസ്.ടി പരിക്ഷയാണ്. പരീക്ഷ എഴുതുന്നവർക്കും ഇൻവിജിലേറ്റർ ഡ്യൂട്ടിയുള്ളവർക്കും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാനാകില്ലെന്നറിഞ്ഞിട്ടും തങ്ങളുടെ സംഘടനയ്ക്കുവേണ്ടി സർക്കാർ പ്രകടിപ്പിക്കുന്ന വൈകാരികത അപമാനകരമാണ്. കുട്ടികളെയും അദ്ധ്യാപകരെയും ദോഷകരമായി ബാധിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സമാധാനപരമായ വിദ്യാലയ അന്തരീക്ഷത്തിന് സാഹചര്യം ഒരുക്കണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ, എക്‌സിക്യൂട്ടീവ് മെമ്പർ ബിജോയ് മാത്യു, സംസ്ഥാന കൗൺസിൽ അംഗം സജി മാത്യു, ജോസഫ് മാത്യു, ജീസ് എം. അലക്‌സ്, സിനി ട്രീസ, ഷിന്റോ ജോർജ്, ദീപു ജോസ്, വി.ആർ. രതീഷ്, സിബി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.