വാഴത്തോപ്പ്: കേരളത്തിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭൂനിയമ പരിഷ്‌കരണ കമ്മിഷനെ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തി ഉടൻ നിയോഗിക്കണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം കൈവശഭൂമിയിൽ അവകാശം ലഭിച്ചവർക്ക് പരിസ്ഥിതിക്ക് ഹാനികരമാകാത്ത വിധത്തിൽ സ്വന്തം ഭൂമി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. കേരളത്തിൽ നാളിതുവരെ നിർമ്മിക്കപ്പെട്ട ഭൂമിയെ സംബന്ധിച്ച മുഴുവൻ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കാതെ കർഷകർക്ക് മുന്നോട്ടു പോകാനാവില്ല. വിരമിച്ച ജഡ്ജിമാർ, നിയമവിദഗ്ദ്ധർ എന്നിവരടങ്ങുന്നതായിരിക്കണം കമ്മിഷൻ. ഭൂരഹിതർക്ക് ഭൂമി നൽകുന്നതിനായി 1971ലെ സ്വകാര്യ വനമേറ്റെടുക്കൽ നിയമപ്രകാരം 158614.7 ഹെക്ടർ ഭൂമിയും വനവത്കരിച്ച തീരുമാനവും രാഷ്ട്രീയമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. വേനൽ കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് നേതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, അലക്സ് കോഴിമല, ബേബി ഉഴുത്തുവാൽ, രാരിച്ചൻ നീറണാംകുന്നേൽ, മനോജ് എം. തോമസ്, എം.എം. മാത്യു, കെ.എൻ. മുരളി, ജോസ് കുഴികണ്ടം, കെ.ജെ. സെബാസ്റ്റ്യൻ, സി.എം. കുര്യാക്കോസ്, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, ടോമി പകലോമറ്റം, റോയിച്ചൻ കുന്നേൽ, ജെയിംസ് മാങ്കുഴി, ഷിജോ തടത്തിൽ, വി.ജെ. മാത്യു, ജോമോൻ പൊടിപാറ, ജോർജ് അമ്പഴം, സുബിത ജോമോൻ,അപ്പുക്കുട്ടൻ ടി എസ് എന്നിവർ പ്രസംഗിച്ചു.