തൊടുപുഴ: പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഒറ്റതവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് നിരോധിച്ചിട്ടുള്ളത്. പുനരുപയോഗം സാധ്യമല്ലാത്തതാണിവ. 2020ൽ സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയെങ്കിലും കൊവിഡ് സമയത്ത് പരിശോധന പൂർണമായും നിലച്ചപ്പോൾ വിലക്കിയ ഉത്പന്നങ്ങൾ വിപണിയിൽ സജീവമായി. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് എല്ലാം വഴിപാടാകുന്നതാണ് പതിവ്. പരിശോധനയുള്ളപ്പോൾ പൂഴ്ത്തിവയ്ക്കുകയും അല്ലാത്തപ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് രീതി. കടകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കുമ്പോൾ വ്യാപാരികൾ എതിർപ്പുമായി രംഗത്തുവരാനും സാദ്ധ്യതയുണ്ട്.
നിരോധനം ഇവയ്ക്ക്
പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ, കപ്പുകൾ, സ്‌ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റുകൾ, പി.വി.സി. ഫ്ളക്സുകൾ, അരലിറ്ററിൽ താഴെയുള്ള വെള്ളകുപ്പികൾ, തെർമോകോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നോൺവൂമർ പോളി പ്രൊപ്പലിൻ ക്യാരിബാഗുകൾ
പിഴ 10,000 മുതൽ 50,000 വരെ
നിരോധനം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ 10,000 രൂപ പിഴയും തുടർന്നുള്ള ലംഘനങ്ങൾക്ക് 26000, 50000 രൂപയും തുടർന്ന് സ്ഥാപനം അടച്ച് പൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.