ഇടുക്കി: ഭക്ഷ്യ, ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കി 'ഓപ്പറേഷൻ ലൈഫ്' എന്നപേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് തൊടുപുഴ, പീരുമേട് ,ഇടുക്കി, ദേവികുളം എന്നിവിടങ്ങളിൽ സ്‌ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിച്ചു. ആകെ 74 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. 20 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 16 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുവാൻ നിർദ്ദേശം നൽകി. ഇടുക്കി അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജോസ് ലോറൻസിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌ക്വാഡ് പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. എം.രാഗേന്ദു , ഡോ. എം. മിഥുൻ , ആൻമേരി ജോൺസൺ, സ്‌നേഹാ വിജയൻ എന്നിവർ പങ്കെടുത്തു.