കട്ടപ്പന: തങ്കമണി സർവ്വീസ് സഹകരണബാങ്കിന്റെ കാർഷികോൽപന്ന ബ്രാന്റായ സഹ്യയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ മന്ത്രി റോഷി അഗസ്റ്റിൻഉദ്ഘാടനം ചെയ്തു.
സഹ്യൈ ഡ്രൈഡ് ഫ്രൂട്ട്‌സ് യൂണിറ്റ്, കാപ്പി പൊടി ഉൽപാദന യൂണിറ്റ്,സഹ്യ ഫുഡ്‌സ് മാർക്കറ്റിംഗ് യൂണിറ്റ്, അത്യാധുനിക തേയില ബ്ലെന്റിംഗ് യൂണിറ്റ് എന്നിവയാണ് രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്തത്. 5.61 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. 130 കോടി രൂപ പ്രവർത്തന മൂലധനവും 105 കോടി രൂപ വായ്പയുമാണ് തങ്കമണി സർവ്വീസ് സഹകരണ ബാങ്കിനുള്ളത്. ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്രയാണ് സഹ്യയുടെ ബ്രാൻഡ് അംബാസിഡർ .
തങ്കമണി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സഹ്യൈ ഡ്രൈ ഫ്രൂട്ട്‌സിന്റെ ഉത്പന്നത്തിന്റെ ആദ്യവിൽപ്പന ജില്ലാആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗ്ഗീസ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഏറ്റുവാങ്ങി.സഹ്യ ഫുഡ് ആന്റ് സ്‌പൈസസിന്റെ ഏലച്ചായ , പാലട മിക്‌സ് എന്നിവ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പുറത്തിറക്കി.
കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ജെസ്സി തോമസ്, തങ്കമണി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളായ സൈബിച്ചൻ തോമസ്, സി എം തങ്കച്ചൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.