കട്ടപ്പന :മഴയിൽ പോസ്റ്റിന്റെ മുകളിൽ കയറി തകരാറുകൾ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാണ്. അതോടൊപ്പം വൈദ്യുത ലൈനുകളിലേക്ക് ഒടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള മരങ്ങളുടെ ചില്ലകൾ മുറിക്കുന്നത് തൊഴിലാളികൾക്ക് ഏറെ അപകടകരവും ശ്രമകരവുമാണ്. ഈ ജോലികൾ എളുപ്പത്തിലും സുരക്ഷിതമായും ചെയ്തു തീർക്കാനുള്ള സ്‌കൈ ലിഫ്ടുകൾ കട്ടപ്പന കെ.എസ്.ഇ.ബി ഉപയോഗിച്ച് തുടങ്ങി. ലിഫ്റ്റ് ഘടിപ്പിച്ച മിനി വാൻ തന്നെ ഏറെ കൗതുകമാണ് സമ്മാനിക്കുന്നത്. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലിഫ്റ്റ് യഥേഷ്ടം ചലിപ്പിക്കാനും തിരിക്കാനും കഴിയും. ലിഫ്ടിന് മുകളിൽ ഒരു ബക്കറ്റ് മാതൃകയിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് തൊഴിലാളിയ്ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും സാധിക്കുന്നു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലമുള്ള ഓപ്പറേറ്റർ ഉണ്ട്. ഇത്തരത്തിൽ വളരെ ഉയരത്തിൽ ഏറ്റവും സുരക്ഷിതമായി ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുന്നു. കട്ടപ്പനയിലെത്തിയ സ്‌കൈ ലിഫ്ടിനെ നാട്ടുകാർ വലിയ കൗതുകത്തോടെയാണ് നോക്കി കണ്ടത്. ആദ്യമായിട്ടാണ് സ്‌കൈലിഫ്റ്റ് വാഹനം കട്ടപ്പനയിലെത്തുന്നത്.
കെ. എസ്. ഇ. ബിക്ക്
നഷ്ടം കുറയ്ക്കാം
ശക്തമായ പെയ്ത മഴയിലും കാറ്റിലും മരം വീണ് വ്യാപകമായ നാശനഷ്ടമാണ് ഹൈറേഞ്ചിൽ ഉണ്ടായത്. പലയിടത്തും വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും വൻമരങ്ങൾ കടപുഴയിവീണും റോഡ് ഗതാഗതം മുടങ്ങിയിരുന്നു. വൈദ്യുത വകുപ്പിന് ഏറെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് . മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ്വീണ് വാത്തനങ്ങവക്കും കേടുപാട് പറ്റിയിരുന്നു. സമയബന്ധിതമായി ഇവയെല്ലാം പരിഹരിക്കാൻ ജീവനക്കാരുമില്ല. ഇതോടെയാണ് സ്‌കൈ ലിഫ്റ്റ് തൊടുപുഴയിൽ നിന്ന് കട്ടപ്പനയിൽ എത്തിച്ചത്.