പീരുമേട്: നാം കുടിക്കുന്ന ചായ പോലെ മധുരമല്ല, തേയില ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം. ജോലിയ്ക്കിടെ ജീവൻ നഷ്ടമാകുന്നതും കൈയും കാലുമടക്കം അറ്റ് ഗുരുത പരിക്കേൽക്കുന്ന സംഭവങ്ങളും പലപ്പോഴും സർവസാധാരണമാണ്. പട്ടുമല സ്വദേശി രാജേഷിന്റെ അതിദാരുണമായ മരണം ഇത്തരത്തിലൊന്നാണ്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് രാജേഷ് ജോലിക്കെത്തിയത്. തൊട്ടുമുമ്പിലെ ഷിഫ്‌റ്റിലുള്ള തൊഴിലാളികൾ ജോലി ചെയ്തു പോകുമ്പോൾ മിച്ചംവരുന്ന കൊളുന്തുകളുടെ ചവറും നാരുകളും തേയില മാലിന്യങ്ങളും നീക്കം ചെയ്തതിനു ശേഷമാണ് വീണ്ടും കൊളുന്ത് അരയ്ക്കാനായി നിക്ഷേപിക്കുന്നത്. ഇങ്ങനെ ക്ലീൻ ചെയ്യുമ്പോഴാണ് മെഷ്യൻ എങ്ങനെയോ ഓൺ ആയി രാജേഷ് ഉള്ളിൽ അകപ്പെട്ടത്. മൂന്ന് ഷിഫ്‌റ്റായിട്ടാണ് ഇവിടെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. 3 ഷിഫ്‌റ്റിലും എട്ടു മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ഇവർ ജോലി ചെയ്യാറുണ്ട്. ചിലപ്പോൾ 24 മണിക്കുറും ഓരോ തൊഴിലാളികൾ ജോലി ചെയ്യും. അധികമായി ജോലി ചെയ്ത് കിട്ടുന്ന വേതനം പ്രതീക്ഷിച്ച് ഓരോ തൊഴിലാളിയും ആറുമണിക്കൂർ കൂടുതൽ ജോലി ചെയ്യും. തോട്ടം മേഖലയിലെ കുറഞ്ഞ കൂലിയാണ് തൊഴിലാളികളെ കൂടുതൽ സമയം ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പല ഫാക്ടറികളിലും വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷിതത്വമോ ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. അപകടമുണ്ടായ ഫാക്ടറിയിലും വേണ്ടത്ര സുരക്ഷ ഇല്ലെന്ന് തൊഴിലാളികൾ പറയുന്നു. പരമാവധി തൊഴിലാളികളെ ചൂഷണം ചെയ്ത് ഉത്പാദനം കൂട്ടുകയെന്നതല്ലാതെ തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നൽകാൻ ഒന്നും തന്നെ തോട്ടമുടമകൾ ചെയ്യാറില്ല. മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളും പല തോട്ടങ്ങളിലും ഇല്ല. മുമ്പ് നല്ല നിലയിൽ ചികിത്സാ സൗകര്യങ്ങൾ ലഭിച്ചിരുന്നു. ഇന്ന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങളെല്ലാം അന്യമായി.
നോക്കുകുത്തിയായി തൊഴിൽവകുപ്പ്
തൊഴിലാളികൾ സുരക്ഷിതമായ സാഹചര്യത്തിലാണോ ജോലി ചെയ്യുന്നതെന്ന് ഉറപ്പുവരുത്തേണ്ട തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും ഈ പാവങ്ങളെ തിരിഞ്ഞുനോക്കാറില്ല. പേരിന് എന്തെങ്കിലും പരിശോധന നടത്തുന്നതല്ലാതെ ഒരു നടപടിയും ഇവർ തോട്ടമുടമകൾക്കെതിരെ സ്വീകരിക്കാറില്ല. പരാതി നൽകിയാൽ പോലും തിരിഞ്ഞുനോക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. യൂണിയനും ഉടമകൾക്ക് ഒത്താശ ചെയ്യുന്നതോടെ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.
മനുഷ്യാവകാശ കമ്മീഷൻ
കേസെടുത്തു
പട്ടുമലയിലെ ഹാരിസൺ തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ച മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇടുക്കി ജില്ലാ കളക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പട്ടുമല സ്വദേശി രാജേഷാണ് ( 37) മരിച്ചത്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി നൽകിയ പരാതിയിൽ പറയുന്നു.