ഇടുക്കി: കാലവർഷം ആരംഭിച്ചത് മുതൽ ഇതുവരെ ജില്ലയിൽ 10 വീടുകൾ പൂർണമായും 56 വീടുകൾ ഭാഗികമായും തകർന്നു. മേയ് 31 മുതൽ ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കാണിത്. ശക്തമായ മഴയെ തുടർന്ന് മരം വീണും മണ്ണിടിഞ്ഞുമാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഇന്നലെയും രാജാക്കാടും കരുണാപുരത്തും മരം വീണ് വീടുകൾ തകർന്നു. രാജാക്കാട് കലുങ്ക് സിറ്റി മുത്തൻകുഴിയിൽ എം.എൻ. മുരളിയുടെയും കരുണാപുരം ഇടത്തറമുക്ക് ബ്ലോക്ക് നമ്പർ 10/40 ഇസ്മായിലിന്റെയും വീടുകളാണ് തകർന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മറയൂരിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായി. പുലർച്ചെ 4.45ന് മറയൂർ-ഉടുമൽപേട്ട റോഡിൽ വൻ ആൽമരം കടപുഴകി വീണു ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 32.8 മില്ലി മീറ്റർ ജില്ലയിൽ ശരാശരി മഴയാണ് ലഭിച്ചത്. ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്. അഞ്ച് ദിവസം കനത്ത മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് ഏറ്റവും കുറവ് കാലവർഷം ലഭിച്ച ജില്ലയാണ് ഇപ്പോഴും ഇടുക്കി. ജില്ലയിൽ ഇപ്പോഴും 28 ശതമാനം മഴ കുറവാണ്. ഇന്നലെ ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു. ഇന്നലെ ഉച്ച മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന നാല് ദിവസം ജില്ലയിൽ അലർട്ടുകളൊന്നുമില്ല.
വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് അഞ്ച് ദിവസം കൊണ്ട് 11 അടിയിലേറെയാണ് ഉയർന്നത്. ശനിയാഴ്ച 2341.12 അടിയായിരുന്ന ജലനിരപ്പ് നിലവിൽ 2352.92 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 47 ശതമാനമാണിത്. ഒമ്പത് ശതമാനമാണ് അഞ്ച് ദിവസത്തിനിടെ ഉയർന്നത്. 45.04 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം രണ്ടടിയിലേറെ ഉയർന്ന് 127.35 അടിയിലെത്തി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.
മഴയുടെ അളവ്
ഉടുമ്പഞ്ചോല- 24 മി.മീ
ദേവികുളം- 61.6
പീരുമേട്- 23
ഇടുക്കി- 43.2
തൊടുപുഴ- 12.2
ശരാശരി- 32.8