തൊടുപുഴ: പട്ടയംകവല ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ചതുപ്പ് നിലത്തിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവുമടക്കമുള്ള മാലിന്യം വ്യാപകമായി തള്ളുന്നതായി പരാതി. പട്ടയംകവല മുസ്ലിംപള്ളിക്ക് പുറകിൽ വെള്ളം കെട്ടി നിൽക്കുന്ന പറമ്പാണ് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. രാത്രികാലങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇതെല്ലാം ചതുപ്പിലെ വെള്ളത്തിൽ അഴുകി പകർച്ച വ്യാധികൾ പടർന്ന് പിടിക്കാനും സാധ്യതയുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് പറമ്പിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ചുറ്റിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തികൾ നടക്കുന്നത്. മഴക്കാല സാംക്രമിക രോഗങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയവയ്ക്ക് എതിരെ സർക്കാരും നഗരസഭയും ആരോഗ്യ വകുപ്പും ശുചീകരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ പ്രാദേശികമായി സംഘടിപ്പിക്കുമ്പോഴാണ് മറുവശത്ത് ഇതൊക്കെ ആവർത്തിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച നഗരസഭ ആരോഗ്യ വിഭാഗം പറമ്പുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നെന്ന് വാർഡ് കൗൺസിർ ഷഹന ജാഫർ പറഞ്ഞു.