തൊടുപുഴ: പമ്പ് ഹൗസിലെ കേബിൾ കത്തിയതിനെ തുടർന്ന് തകരാറിലായ തൊടുപുഴയിലെ ശുദ്ധജല വിതരണം പുനരാരംഭിച്ചു. മൂപ്പിൽകടവ് പാലത്തിനു സമീപമുള്ള റോവാട്ടർ പമ്പ് ഹൗസിലെ സി.ടി.പി.ടി പാനലിലെ എച്ച്.ടി കേബിൾ കനത്ത മഴയെ തുടർന്ന് നനഞ്ഞ് കത്തിപോയതിനെ തുടർന്ന് തൊടുപുഴ നഗരസഭാ മേഖലയിലും കുമാരമംഗലം പഞ്ചായത്തിലുമാണ് ജലവിതരണം മുടങ്ങിയത്. മൂന്നു ദിവസത്തോളം വാട്ടർ അഥോറിറ്റി അധികൃതർ നടത്തിയ ശ്രമത്തെ തുടർന്നാണ് ഇന്നലെ രാവിലെ പമ്പിംഗ് പുനരാരംഭിക്കാനായത്. എന്നാൽ പമ്പിംഗ് ആരംഭിച്ചെങ്കിലും ഇന്നലെ ജലവിതരണം പൂർണമായും സുഗമമാക്കാനായില്ല. വാട്ടർ അഥോറിറ്റിയുടെ കൂറ്റർ ടാങ്കുകളിൽ പൂർണമായി വെള്ളമെത്താൻ സമയമെടുക്കും. വാട്ടർ അഥോറിറ്റിയുടെ തൊടുപുഴയിലെ പ്രധാന ടാങ്കിന്റെ സംഭരണ ശേഷി മാത്രം 15 ലക്ഷം ലിറ്ററാണ്. ഇത്തരം ടാങ്കുകളിൽ വെള്ളമെത്തിക്കുന്നതോടെ ജലവിതരണം സുഗമമാകും. ഇന്ന് രാവിലെ മുതൽ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്ന് വാട്ടർ അഥോറിറ്റി അസി. എൻജനിയർ അറിയിച്ചു.