കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നാലംഗ ഉപസമിതി പരിശോധന നടത്തി. രണ്ട്, നാല്, ആറ് സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനം വിലയിരുത്തി. ബേബി ഡാമും പരിശോധിച്ചു. പ്രധാന ഡാമിന്റെ ഗാലറിയിലൂടെ പുറന്തള്ളുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവ് മണിക്കൂറിൽ 78 ലിറ്ററാണെന്ന് സംഘം തിട്ടപ്പെടുത്തി. ഇന്നലെ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 127.35 അടിയാണ്. ഈ ജലനിരപ്പിലുള്ള സ്വീപ്പേജ് വാട്ടറിന്റെ കണക്കാണ് ഉപസമിതി തിട്ടപ്പെടുത്തിയത്. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3960 ഘനയടിയും തമിഴ്നാട്ടിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 1355 ഘനയടിയുമാണ്. ഇന്നലെ രാവിലെ വരെ അണക്കെട്ട് പ്രദേശത്ത് 16.6 മില്ലീമീറ്ററും തേക്കടിയിൽ 14.8 മില്ലീമീറ്ററുമാണ് മഴ ലഭിച്ചത്. നീരൊഴുക്ക് ശക്തമായതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ 128 അടി പിന്നിടുമെന്നാണ് സൂചന.