മുതലക്കോടം: തൊടുപുഴ നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതാം വാർഡിൽ (പെട്ടേനാട്) യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന എൽ.ഡി.എഫിന്റെ വ്യാജ പ്രചരണം പരാജയഭീതി മൂലമാണന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. തൊടുപുഴ നഗരസഭ ഭരണത്തിൽ അഴിമതിയും വികസന മുരടിപ്പും മാത്രം നേട്ടമായുള്ള ഇടതുപക്ഷത്തിന് രാഷ്ടീയമായി തിരഞ്ഞെടുപ്പിനെ നേരിടാൻ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ പടച്ചുണ്ടാക്കി വാർഡിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇടത് പക്ഷം ഭരണ കയ്യാളുന്ന നഗരസഭയിലെ ഉദ്യാഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെയും ഹിയറിംഗിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടന്ന ഇടത് പക്ഷത്തിന്റെ കണ്ടത്തൽ സ്വയം കൊഞ്ഞനം കുത്തുന്നതാണന്നും അനർഹർ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഒമ്പതാം വാർഡ് യു.ഡി.എഫ് ചെയർമാൻ പി.എച്ച്. സുധീർ, കൺവീനർ ടി.ജെ. പീറ്റർ, സെക്രട്ടറി മത്തായി കോനാട്ട് എന്നിവർ പറഞ്ഞു.