ഇടവെട്ടി: 31ന് നടക്കുന്ന ഇടവെട്ടി ഔഷധസേവയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഔഷധസേവയുടെ സുഗമമായ നടത്തിപ്പിന് 501 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ദൂരദേശങ്ങളിൽ നിന്ന് ഔഷധസേവയ്ക്ക് എത്തുന്നവർക്ക് 31ന് രാവിലെ അഞ്ച് മുതൽ തൊടുപുഴയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് ഉണ്ടാകും. വാഴൂർ ശ്രീ തീർത്ഥപാദ ആശ്രമത്തിൽ നിന്ന് എത്തിക്കുന്ന വെണ്ണ ചേർത്ത്, തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങ് 30ന് വൈകിട്ട് അഞ്ചിന് നടക്കും. ഔഷധസേവ 31ന് രാവിലെ അഞ്ചിന് ആരംഭിക്കും. ഔഷധസേവയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കർക്കടക കഞ്ഞി നൽകും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി, മാധവൻ നമ്പൂതിരി പടിഞ്ഞാറേ മഠം, പി.കെ.കെ നമ്പൂതിരിപ്പാട് പുതുവാമന എന്നിവർ നേതൃത്വം നൽകുമെന്നു ഭാരവാഹികൾ വാർത്താക്കുറിൽ അറിയിച്ചു.