പീരുമേട്: ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയുടെ ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കനത്ത മഴയിൽ റോഡിൽ ഉറവ രൂപപ്പെട്ട പള്ളിക്കുന്നിനും മേമലയ്ക്കും ഇടയിലാണ് റോഡ് ഇപ്പോൾ പൊളിഞ്ഞിട്ടുള്ളത്. ഈ ഭാഗത്ത് ചെറിയ രീതിയിൽ റോഡ് ഇരുന്നിട്ടുണ്ട്. ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡാണ് ഇത്തരത്തിൽ പൊളിഞ്ഞിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് തകർന്ന ഭാഗങ്ങളിൽ ടൈൽ വിരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി തകർന്ന ഏലപ്പാറ- ചിന്നാർ ഭാഗം ഇതുവരെയും അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. റോഡിന്റെ ആദ്യ ഭാഗം കൂടിക്കാനം മുതൽ ചപ്പാത്ത് വരെ പണികൾ പൂർത്തിയാക്കിയിരുന്നു. ഹൈവേയുടെ രണ്ടാം ഭാഗമായ ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള റോഡിന്റെ ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായിട്ടുണ്ട്.