gatter-road

കട്ടപ്പന: തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗമായ ഇടശ്ശേരി ജംഗ്ഷനിലെ ഭീമൻ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോഡിൽ ചെറിയ കുഴി ഉണ്ടാകുന്നത്. തുടർന്ന് കുഴിയുടെ അളവ് വലുതായി ഭീമൻ ഗർത്തമായി മാറി. ഇതോടെ വലിയ അപകട ഭീഷണിയാണ് പാതയിൽ ഉണ്ടായിരിക്കുന്നത്. മഴ പെയ്യുമ്പോൾ ചെളിവെള്ളം കെട്ടിക്കിടക്കുന്നതോടെ കുഴിയുടെ അളവ് അറിയാതെ വാഹനങ്ങൾ ഗർത്തത്തിൽ ചാടും. ഇത് വാഹനങ്ങൾക്ക് സ്ഥിരം കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകുന്നു. നാല് പാതകൾ കൂടിച്ചേരുന്ന ജംഗ്ഷനാണ് ഇവിടം. അതുകൊണ്ടുതന്നെ സദാസമയം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗർത്തംമൂലം വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും ഡ്രൈവർമാർ പറയുന്നു. ഗർത്തത്തിൽ വാഹനം ചാടാതെ വെട്ടിച്ചുമാറ്റുമ്പോൾ മറ്റു വാഹനങ്ങളിൽ തട്ടാനുള്ള സാഹചര്യവുമുണ്ട്. ഒപ്പം വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് കാൽനടയാത്രക്കാർക്കും ഭീഷണിയാവുകയാണ്. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. നഗരത്തിന്റെ പ്രധാന പാതകളിൽ ഒന്നിൽ തന്നെ അപകടം പതിയിരിക്കുമ്പോഴും നഗരസഭയോ പൊതുമരാമത്ത് വകുപ്പോ അപകടാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.